ന്യൂസീലൻഡ് ഈ ലോകകപ്പിലും സെമി ബർത്ത് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ അടുത്തയാഴ്ച നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യയ്ക്കെതിരെ കിവീസ് കളത്തിലിറങ്ങും. ന്യൂസീലൻഡിന്റെ മുന്നേറ്റത്തിൽ യുവ ബാറ്റർ രചിൻ രവീന്ദ്രയുടെ പ്രകടനം ഏറെ നിർണായകമായി. ഒൻപത് മത്സരങ്ങളിൽനിന്ന് 565 റൺസ് നേടിയ താരം ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാമനാണ്.
അതിനിടെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ പ്രകടനത്തോടെ ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡും രചിൻ മറികടന്നു. 25 വയസ്സിനു മുന്‍പ് ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടമാണ് രചിന്‍ സ്വന്തം പേരിൽ കുറിച്ചത്. 1996ലെ ലോകകപ്പിൽ 523 റൺസ് നേടിയ സച്ചിന്റെ റെക്കോർഡ് ഇതോടെ പഴങ്കഥയായി. ശ്രീലങ്കയ്ക്കെതിരെ 34 പന്തിൽ 42 റൺസാണ് രചിൻ നേടിയത്.
രചിനും സച്ചിനും കഴിഞ്ഞാൽ ഈ പട്ടികയിൽ മൂന്നാമതുള്ളത് പാക്ക് ക്യാപ്റ്റൻ ബാബർ അസമാണ്. 2019ലെ ലോകകപ്പിൽ 474 റൺസാണ് ബാബർ നേടിയത്. നാലാമതുള്ള എബി ഡിവിലിയേഴ്സ് 2007ലെ ലോകകപ്പിൽ 372 റൺസും സ്വന്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം അരങ്ങേറ്റ ലോകകപ്പിലെ ഉയർന്ന സ്കോറും രചിൻ രവീന്ദ്രയുടെ പേരിലായി. 2019ൽ ജോണി ബെയർസ്റ്റോ കുറിച്ച 532 റൺസിന്റെ റെക്കോർഡാണ് തകർന്നത്.
© Copyright 2024. All Rights Reserved