പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിൻെറ ) ഉദ്ഘാടന മത്സരത്തിൽ പോരാട്ടത്തിനൊരുങ്ങുകയാണ് ഇംഗ്ലണ്ടും ന്യൂസിലൻഡും . 2019 ലോകകപ്പ് ഫൈനലിൻെറ സൂപ്പർ ഓവർ ത്രില്ലറിൻെറ ഓർമ്മകളുമായാണ് മത്സരം നടക്കാൻ പോവുന്നത്. ലോർഡ്സിൽ നടന്ന ഫൈനലിൽ ഇരുടീമുകളും നിശ്ചിത 50 ഓവറിലും സൂപ്പർ ഓവറിലും ഒരേ സ്കോർ നേടിയതോടെ കൂടുതൽ ബൗണ്ടറി നേടിയ ടീമെന്ന നിലയിലാണ് ഇംഗ്ലണ്ട് ജേതാക്കളായത്.
ഇംഗ്ലണ്ടിനോട് കണക്കുതീർക്കുകയെന്ന ലക്ഷ്യത്തോടെയാവും ന്യൂസിലൻഡ് ഉദ്ഘാടന മത്സരത്തിനായി ഇറങ്ങുക. മൂന്ന് സൂപ്പർതാരങ്ങൾ മത്സരത്തിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. ഇരുടീമുകൾക്കും ഇക്കാര്യത്തിൽ ഒരുപോലെ തിരിച്ചടിയുണ്ട്. കഴിഞ്ഞ ലോകകപ്പിൻെറ താരമായ ബെൻ സ്റ്റോക്സ് ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുക. ഓൾറൗണ്ടർമാർക്ക് പഞ്ഞമില്ലാത്ത ടീമാണെങ്കിലും സ്റ്റോക്സ് ഇല്ലാത്തത് ഇംഗ്ലണ്ടിൻെറ പ്രകടനത്തെ ബാധിക്കുമെന്നുറപ്പാണ്.
മറുഭാഗത്ത് ന്യൂസിലൻഡിനും പരിക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ടീമിനെ ഫൈനൽ വരെയെത്തിച്ച നായകൻ കെയ്ൻ വില്യംസൺ കളിക്കില്ല. കിവീസ് ബാറ്റിങ് നിരയ്ക്ക് ഇത് വലിയ തിരിച്ചടിയാണ്. അടുത്ത മത്സരം ആവുമ്പോഴേക്കും വില്യംസൺ പരിക്ക് മാറി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കിവീസ് നിര.
ടീമിൻെറ പ്രധാന പേസറായ ടിം സൗത്തിയും കളിക്കില്ല. തള്ളവിരലിന് പരിക്കേറ്റ താരം നേരത്തെ പരിശീലന മത്സരത്തിനും ഇറങ്ങിയിരുന്നില്ല. പരിചയസമ്പന്നരായി രണ്ട് കളിക്കാരുടെയും അസാന്നിധ്യം ന്യൂസിലൻഡിനെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. വില്യംസണിന് പകരം വിക്കറ്റ് കീപ്പർ ബാറ്റർ ടോം ലതാമാണ് ന്യൂസിലൻഡിനെ നയിക്കുക.
ലോകകപ്പിൽ ഇത്തവണയും ഫേവറിറ്റ്സാണ് ഇംഗ്ലണ്ടും ന്യൂസിലൻഡും. ഏറ്റവും സന്തുലിതമായ ടീമുമായാണ് ജോസ് ബട്ട്ലറിൻെറ നേതൃത്വത്തിൽ ഇംഗ്ലണ്ട് വരുന്നത്. മികച്ച ഓൾറൌണ്ടർമാരും യുവതാരങ്ങളും റിസർവ് നിരയും ഇംഗ്ലണ്ടിനുണ്ട്. ലോകകപ്പുകളിൽ എക്കാലത്തും ഗംഭീര പ്രകടനം നടത്താറുള്ള ടീമാണ് ന്യൂസിലൻഡ്. കഴിഞ്ഞ തവണ നിർഭാഗ്യം കൊണ്ട് കിട്ടാതെ പോയ ലോകകപ്പ് ഇത്തവണ നേടിയെടുക്കാനാണ് അവർ ലക്ഷ്യമിടുന്നത്. സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിലൂടെയാണ് ലോകകപ്പ് മത്സരങ്ങൾ കാണാൻ സാധിക്കുക. ഒടിടി മാധ്യമമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലുംമത്സരങ്ങൾ ലഭ്യമാവും. 10 വേദികളിലായി നടക്കുന്ന ഏകദിന ലോകകപ്പ് മത്സരങ്ങളിൽ ഇത്തവണ 10 ടീമുകളാണ് പങ്കെടുക്കുന്നത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ഉദ്ഘാടന മത്സരം നടക്കുക. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കളി ആരംഭിക്കുക. ടൂർണമെൻറിലെ ആദ്യമത്സരത്തിൽ ഇന്ത്യ ഞായറാഴ്ചയാണ് ഇറങ്ങുക. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ മുൻ ചാമ്പ്യൻമാരായ ഓസ്ട്രേലിയക്കെതിരെയാണ് കളിക്കുക.
© Copyright 2023. All Rights Reserved