എല്ലാവരെയും ഉൾക്കൊള്ളുന്നതും അഴിമതി മുക്തമായതുമായ സർക്കാരുകളെയാണ് ലോകത്തിന് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മിനിമം ഗവൺമെന്റ് മാക്‌സിം ഗവർണൻസ് എന്നതാണ് വർഷങ്ങളായി തന്റെ ആശയമെന്നും അദ്ദേഹം ആവർത്തിച്ചു.യുഎഇ സന്ദർശനത്തിന്റെ രണ്ടാം ദിവസം ലോക ഗവൺമെന്റ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിലെ ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം വർധിച്ചിട്ടുണ്ട്.ഇന്ത്യൻ സർക്കാരിന്റെ പ്രതിബദ്ധതയിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്. പൊതുവികാരങ്ങൾക്ക് മുൻഗണന നൽകിയതുകൊണ്ടാണ് ഇത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.ഗുജറാത്ത് മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നി നിലകളിൽ താൻ 23 വർഷം സർക്കാരിൽ ചെലവഴിച്ചു. 'മിനിമം ഗവൺമെന്റ്, മാക്‌സിമം ഗവർണൻസ്' എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് താൻ പ്രവർത്തിച്ചതെന്നും മോദി പറഞ്ഞു.ഇന്ത്യൻ സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനുമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.സാമൂഹികവും സാമ്പത്തികവുമായി എല്ലാവരെയും ഉൾക്കൊള്ളുന്നതിനാണ് തന്റെ സർക്കാർ മുൻഗണന നൽകുന്നത്. 50 കോടിയിലധികം ആളുകളെ ബാങ്കിംഗ് സംവിധാനവുമായി ബന്ധപ്പെടുത്തിയതായും മോദി പറഞ്ഞു.എല്ലാവരെയും ഉൾക്കൊള്ളുന്ന, എല്ലാവരെയും ഒപ്പം കൊണ്ടുപോകുന്ന, അഴിമതി രഹിതവുമായ ഗവൺമെന്റുകളാണ് ഇന്ന് ലോകത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു വശത്ത് ലോകം ആധുനികതയിലേക്ക് പുരോഗമിക്കുന്നു, മറുവശത്ത്, മുൻ നൂറ്റാണ്ടുകളിൽ നിന്നുള്ള വെല്ലുവിളികൾ തീവ്രമാവുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
© Copyright 2025. All Rights Reserved