ചൈനയിലെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞ് പുതിയ വൈറസ് വ്യാപിക്കുമ്പോൾ വിവരങ്ങൾ സുതാര്യമാക്കാൻ ആവശ്യപ്പെട്ട് പാശ്ചാത്യ വിദഗ്ധർ. വൈറസ് യുഎസിലും പടരുന്നതിനിടെയാണ് ചൈന കൃത്യമായ വിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യം ഉയരുന്നത്.
-------------------aud--------------------------------
വെയ്റ്റിംഗ് റൂമും, വാർഡുകളും നിറഞ്ഞുകവിയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോഴും ശ്വാസകോശ ഇൻഫെക്ഷൻ ഗുരുതരമല്ലെന്നും, ചെറിയ വിഭാഗത്തെ മാത്രമാണ് ബാധിക്കുന്നതെന്നുമാണ് ബീജിംഗ് ഭാഷ്യം. എന്നാൽ സമാനമായി വിവരങ്ങൾ പുറത്തുവിടാതിരുന്നതാണ് 2019-ൽ കൊവിഡ് മഹാമാരിയിലേക്ക് നയിക്കുന്നത്. അന്നും ചൈന പ്രശ്‌നത്തിന്റെ ആഴം വെളിപ്പെടുത്തിയിരുന്നില്ല. വീണ്ടും അത്തരമൊരു പ്രതിസന്ധി രൂപപ്പെടുമെന്നാണ് ഭീതി ഉയരുന്നത്. താരതമ്യേന അത്ര അറിയപ്പെടാത്ത ഹ്യൂമൻ മെറ്റാന്യൂമോവൈറസാണ് ചൈനയിൽ വ്യാപനം സൃഷ്ടിക്കുന്നത്. ജലദോഷത്തിന് സമാനമായ മൂക്കടപ്പ്, തലവേദന, വിറയൽ, ക്ഷീണം എന്നിവയാണ് ഇത് സൃഷ്ടിക്കുന്നത്. എന്നിരുന്നാലും മഹാമാരി സംബന്ധിച്ച് ചൈന തങ്ങളുടെ ഡാറ്റ പങ്കിടുന്നത് സുപ്രധാനമാണെന്ന് ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്‌സിറ്റി മെഡിസിൻ ഇൻഫെക്ഷ്യസ് ഡിസീസ് എക്‌സ്‌പേർട്ട് അസോസിയേറ്റ് പ്രൊഫസർ ഡോ. സഞ്ജയ സേനാനായകെ പറഞ്ഞു. യുഎസിൽ എച്ച്എംപിവി കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഡിസംബർ അവസാനം മുതൽ രേഖപ്പെടുത്തിയ കേസുകൾ ഇരട്ടിയായാണ് ഉയരുന്നത്. വിന്ററിൽ സീസണലായി പ്രത്യക്ഷപ്പെടുന്ന വൈറസ് സാധാരണമായി ആശുപത്രി അഡ്മിഷൻ വർദ്ധിപ്പിക്കാൻ കാരണമാകാറില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. 2011-ലാണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. പ്രായവും, പ്രതിരോധശേഷിയും പോലുള്ള ഘടകങ്ങളാണ് എത്രത്തോളം അപകടം സൃഷ്ടിക്കുമെന്ന് തീരുമാനിക്കുന്നതെന്ന് ഇംപീരിയൽ കോളേജ് ലണ്ടൻ വാക്‌സിൻ ഇമ്മ്യൂണോളജി വാക്‌സിൻ എക്‌സ്‌പേർട്ട് പ്രൊഫ. ജോൺ ട്രെഗോണിംഗ് പറഞ്ഞു.
© Copyright 2024. All Rights Reserved