വത്തിക്കാനിൽ നടക്കുന്ന ലോകമത പാർലമെന്റിന് ഇന്നു തടമാകും. ശ്രീനാരായണഗുരു ആലുവ അദൈ്വതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായാണ് വത്തിക്കാനിൽ ലോകമത പാർലമെന്റ് നടത്തുന്നത്. ദൈവദശകം പ്രാർഥന ഇറ്റാലിയൻ ഭാഷയിൽ ആലാപനംചെയ്താണ് സമ്മേളനം ആരംഭിക്കുന്നത്.
-------------------aud--------------------------------
ശിവഗിരിമഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിക്കും. കർദിനാൾ മിഖ്വേൽ ആംഗൽ അയുസോ ക്വിസോട്ട ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദിഖ് അലി തങ്ങൾ, കർണക സ്പീക്കർ യു.ടി. ഖാദർ, ഫാ. ഡേവിസ് ചിറമ്മൽ, രഞ്ജിത്‌സിങ് (പഞ്ചാബ്) ഡോ. എ.വി. അനൂപ്, കെ. മുരളീധരൻ (മുരള്യ), ഡോ. സി.കെ. രവി (ചെന്നൈ), ഗോപു നന്ദിലത്ത്, മണപ്പുറം നന്ദകുമാർ, ഫൈസൽ ഖാൻ തുടങ്ങിയവർ പ്രസംഗിക്കും. നിയുക്ത കർദ്ദിനാൾ മാർ ജോർജ് കൂവക്കാട് സമ്മേളനത്തിന്റെ നേതൃനിരയിലുണ്ട്. മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുൻ ട്രഷറർ സ്വാമി വിശാലാനന്ദ, ഗുരുധർമ്മപ്രചരണ സഭാസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ഹംസതീർത്ഥ, ആലുവ അദൈ്വതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, സ്വാമിനി ആര്യനന്ദാദേവി എന്നിവരാണ് ശിവഗിരി മഠത്തെ പ്രധിനിധീകരിച്ച് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
29–നു മതസമന്വയവും മതസൗഹാർദവും ഉയർത്തിക്കാട്ടുന്ന സ്നേഹസംഗമം നടക്കും. ഹൈന്ദവ, ക്രൈസ്തവ, ഇസ്ലാം, ബുദ്ധ, സിഖ്, യഹൂദ മതങ്ങളിലെ പുരോഹിതൻമാരും ശിവഗിരി മഠത്തിലെ സന്യാസിശ്രേഷ്ഠരും പങ്കെടുക്കും. സച്ചിദാനന്ദ സ്വാമി തയാറാക്കിയ "സർവമതസമ്മേളനം' എന്ന ഗ്രന്ഥത്തിന്റെ ഇറ്റാലിയൻ പരിഭാഷ, "ഗുരുവും ലോകസമാധാനവും' എന്ന പുസ്തകത്തിന്റെ ഇംഗ്ലിഷ് പരിഭാഷ എന്നിവ പ്രകാശനം ചെയ്യും. സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുഗ്രഹപ്രഭാഷണം നടത്തും. 30നാണ് ഫ്രാൻസിസ് മാർപാപ്പയുടെ ആശീർവാദം. റോമിലെ ജോർജിയൻ യൂണിവേഴ്സിറ്റി ഇന്റർഫെയ്സ് ഡയലോഗിന്റെ അധ്യക്ഷൻ ഫാ. മിഥിൻ ജെ.ഫ്രാൻസിസ് ചടങ്ങിന്റെ മോഡറേറ്ററായിരിക്കും.
നവംബർ 29 മുതൽ ഡിസംബർ ഒന്നുവരെയാണ് സമ്മേളനം. വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറോളം പ്രതിനിധികൾക്കൊപ്പം ഇന്ത്യയിൽ നിന്നുള്ള ജനപ്രതിനിധികളും സന്യാസിമാരും, ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും. ഇന്ത്യയ്ക്കു പുറമേ ഇറ്റലി, ബഹ്റൈൻ, ഇൻഡൊനീഷ്യ, അയർലൻഡ്, ദുബായ്, അബുദാബി, ഇംഗ്ളണ്ട്, അമേരിക്ക തുടങ്ങി 15–ൽ പരം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് ഒത്തുചേരുന്നത്. എംഎൽഎമാരായ ചാണ്ടി ഉമ്മൻ, സജീവ് ജോസഫ്, ടി.ജെ.സനീഷ് കുമാർ, പി.വി.ശ്രീനിജൻ, ഇരുദയാദാസ് എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.
© Copyright 2024. All Rights Reserved