ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകൾക്കു 33 ശതമാനം സീറ്റുകൾ സംവരണം ചെയ്യുന്ന സുപ്രധാന ബില്ലിനു കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി. ഇന്നലെ വൈെകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പാർലമെന്റ് അനക്സ് ഹാളിൽ ചേർന്ന മന്ത്രിസഭാ യോഗമാണു തീരുമാനമെടുത്തത്.
ബുധനാഴ്ച ബിൽ അവതരിപ്പിക്കുമെന്നാണു റിപ്പോർട്ട്. ഓരോ ലോക്സഭാ തെരഞ്ഞെടുപ്പിലും വനിതാ സംവരണസീറ്റുകൾ മാറണമെന്ന് ബിൽ ശിപാർശ ചെയ്യുന്നു.
അതേസമയം, സർക്കാർവൃത്തങ്ങൾ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സാധാരണ മന്ത്രിസഭാ യോഗത്തിനുശേഷം ബ്രീഫിംഗ് നടത്താറുണ്ട്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, പിയൂഷ് ഗോയൽ, പ്രഹ്ലാദ് ജോഷി, എസ്. ജയശങ്കർ, നിർമല സീതാരാമൻ, ധർമേന്ദ്ര പ്രധാൻ, നിതിൻ ഗഡ്കരി, അർജുൻ റാം മേഘ്വാൾ എന്നിവർ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തു.
ഇന്നു മുതൽ പാർലമെന്റ് നടപടികൾ പുതിയ കെട്ടിടത്തിലേക്കു മാറ്റും. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ചരിത്രപരമായ തീരുമാനങ്ങളുണ്ടാകുമെന്ന് ഇന്നലെ രാവിലെ പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു.
നേരത്തെ വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും ആഭ്യന്തര മന്ത്രി അമിത് ഷായുമായും പ്രധാനമന്ത്രി മോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയും യോഗത്തിൽ പങ്കെടുത്തു.
© Copyright 2023. All Rights Reserved