ക്യാപ്സൂൾ ക്രിക്കറ്റിൻറെ മുഴുവൻ ത്രില്ലും ആവാഹിച്ചെടുത്ത ഫൈനൽ, ടീം ഇന്ത്യ പിടിച്ചെടുത്തത് അവിശ്വസനീയമായ പ്രകടന മികവിലാണ്. ഈ ടൂർണമെൻറിൻറെ തുടക്കം മുതൽ അവസാനം വരെ രോഹിതിൻറെ സംഘം കാണിച്ച ടീം സ്പിരിറ്റ് രണ്ടാം തവണയും കുട്ടിക്രിക്കറ്റിലെ ലോക ചാംപ്യൻമാരാവാൻ രാജ്യത്തെ സഹായിച്ചുവെന്നു നിസംശയം പറയാം.
-------------------aud------------------------------
ടൂർണമെൻറിലുടനീളം തോൽവിയറിയാതെ ഇതാദ്യമായി ഒരു ടീം ടി20 ലോകകപ്പ് നേടി എന്നതാണ് ഇത്തവണത്തെ സവിശേഷത. ആദ്യ റൗണ്ടിൽ ക്യാനഡക്കെതിരായ മത്സരം മഴയിൽ ഉപേക്ഷിച്ചതൊഴിച്ചാൽ ടൂർണമെൻറിൽ കളിച്ച മുഴുവൻ മത്സരവും ഇന്ത്യ ജയിച്ചു. തോൽവിയറിയാതെയാണ് ദക്ഷിണാഫ്രിക്കയും ഫൈനലിൽ എത്തിയത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ടൂർണമെൻറിലെ ഏറ്റവും മികച്ച ടീമുകൾ തന്നെ ഫൈനലിൽ കടന്നു. നിലവിലുള്ള ചാംപ്യൻമാരായിരുന്ന ഇംഗ്ലണ്ടിനുമേൽ 68 റൺസിൻറെ ആധികാരിക വിജയം തന്നെയായിരുന്നു സെമിയിൽ ഇന്ത്യയുടേത്. അഫ്ഗാനിസ്ഥാനെ പിടിച്ചുനിൽക്കാൻ പോലും അനുവദിക്കാതെയാണു ദക്ഷിണാഫ്രിക്ക തകർത്തുവിട്ടത്. മികച്ച ടീമുകളുടെ മികച്ച പ്രകടനം ആവേശം ലവലേശം ചോരാതെ ആവർത്തിക്കുന്നതാണു ഫൈനലിലും കണ്ടത്. തോൽവി മുന്നിൽ തെളിഞ്ഞപ്പോഴും വിട്ടുകൊടുക്കില്ലെന്ന വാശി, അവസാനം ഏഴു റൺസിൻറെ ഇന്ത്യൻ വിജയത്തിനു വഴി തുറന്നു. ഏതെങ്കിലും വിധത്തിൽ കിരീടം അകന്നുപോവുകയെന്ന ദൗർഭാഗ്യം പതിവുപോലെ ദക്ഷിണാഫ്രിക്കയെ പിന്തുടർന്നുവെന്നും പറയാം. അവസാന 30 പന്തിൽ 30 റൺസ് മാത്രം എടുക്കേണ്ടപ്പോൾ ആറു വിക്കറ്റുകൾ ദക്ഷിണാഫ്രിക്കയുടെ കൈവശമുണ്ടായിരുന്നു. ട്വൻറി20യിൽ ഇത് അനായാസ വിജയത്തിനുള്ള അവസരമായല്ലാതെ എങ്ങനെ കണക്കുകൂട്ടാനാണ്. പക്ഷേ, ആഫ്രിക്കൻ സ്വപ്നങ്ങൾക്കും എത്രയോ ഉയരത്തിലായിരുന്നു 140 കോടി ഇന്ത്യക്കാരുടെ ഒരു കപ്പ് ദാഹം. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ വിരാട് കോലിയുടെയും രോഹിത് ശർമയുടെയും അവസാന ട്വൻറി20 മത്സരം കപ്പുയർത്തി തന്നെ അവസാനിക്കണമെന്നത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ മുഴുവൻ ആഗ്രഹിച്ചതാണ്. രാഹുൽ ദ്രാവിഡ് എന്ന ഹെഡ് കോച്ചിന് അവസാന മത്സരത്തിൽ ഗുരുദക്ഷിണയായി ലോകകപ്പ് കിട്ടട്ടെയെന്നും അവർ പ്രാർഥിച്ചിരുന്നു. ഇന്ത്യക്കാരുടെ മോഹങ്ങളും പ്രാർഥനകളും പന്തിലേക്ക് ആവാഹിക്കപ്പെട്ടപ്പോൾ അസാധാരണ തിരിച്ചുവരവിൻറെ മാന്ത്രിക വലയത്തിൽ അകപ്പെട്ടുപോയി ദക്ഷിണാഫ്രിക്ക.
ക്രിക്കറ്റിൽ ഇന്ത്യ ആദ്യമായി ലോക ചാംപ്യൻമാരാവുന്നത് 1983ൽ കപിൽ ദേവിൻറെ ടീം ഏകദിന ലോകകപ്പ് നേടിയപ്പോഴായിരുന്നു. ഏകദിന ക്രിക്കറ്റിന് രാജ്യത്ത് പ്രചാരമുണ്ടാക്കിയത് ഈ വിജയമാണ്. തികച്ചും അപ്രതീക്ഷിതമായിരുന്നു "കപിലിൻറെ ചെകുത്താൻമാർ' കാഴ്ചവച്ച പ്രകടനം. അടുത്തത് ടി20യുടെ ഊഴമായിരുന്നു. 2007ൽ ധോണിയുടെ നേതൃത്വത്തിലുള്ള യുവനിര ചരിത്രത്തിലെ ആദ്യ ട്വൻറി20 ലോകകപ്പ് കിരീടം സ്വന്തമാക്കി. ഇന്ത്യയുടെ മൂന്നാം ലോകകപ്പ് വീണ്ടും ഏകദിന ഫോർമാറ്റിലായിരുന്നു. ധോണിയുടെ ക്യാപ്റ്റൻസിയിൽ, 2011ൽ. പിന്നീട് ഒരു ലോക കിരീടത്തിന് ഒരു ദശകത്തിലേറെ നീണ്ട കാത്തിരിപ്പാണ്. ടി20യുടെ മാത്രം കാര്യമെടുത്താൽ 17 വർഷത്തെ കാത്തിരിപ്പ്. സെമിയിലും ഫൈനലിലും പൊലിഞ്ഞുപോയ പ്രതീക്ഷകൾ പലതുണ്ട്. അവയ്ക്കൊക്കെ പകരം തീർത്തിരിക്കുകയാണ് ഈ ആവേശോജ്വല വിജയം.
© Copyright 2025. All Rights Reserved