പുതുതായി അധികാരമേറ്റ ലേബർ സർക്കാരിന് കടുത്ത വെല്ലുവിളിയായി ലോക ഉൽപാദക രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്നും ബ്രിട്ടൻ പുറത്തായി. വ്യവസായിക വിപ്ലവത്തിന് ശേഷം ഇതാദ്യമായാണ് ബ്രിട്ടൻ ആദ്യ പത്തിന്റെ ലിസ്റ്റിൽ നിന്നും പുറത്താവുന്നത്. 259 ബില്യൻ ഡോളറിന്റെ ഉൽപാദനവുമായി ഇപ്പോൾ ബ്രിട്ടൻ ഈ ലിസ്റ്റിൽ പന്ത്രണ്ടാം സ്ഥാനത്താണ്. ലോബിയിംഗ് ഗ്രൂപ്പായ മെയ്ക്ക് യു കെ പുറത്തു വിട്ട കണക്കുകൾ പ്രകാരം റഷ്യയ്ക്കും തായ്വാനും പിന്നിലായാണ് ബ്രിട്ടന്റെ സ്ഥാനം.
-------------------aud--------------------------------
2000- ൽ ഈ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന ബ്രിട്ടനാണ് ഇപ്പോൾ ഇതിൽ നിന്നും പുറത്തായിരിക്കുന്നത്. ഏഴാം സ്ഥാനത്തേക്ക് കുതിച്ചു കയറ്റം നടത്തിയ മെക്സിക്കോയുടെയും, ഇറ്റലിയുടെയും റഷ്യയുടെയും ഫ്രാൻസിന്റെയും പുറകിലാണ് ഇപ്പോൾ ബ്രിട്ടൻ. മെക്സിക്കോ യുടെ ഉൽപാദനം 316 ബില്യൻ ഡോളറിലെത്തിയപ്പോൾ, ഇറ്റലിയുടേത് 283 ബില്യനും, റഷ്യയുടെത് 287 ബില്യനും ഫ്രാൻസിന്റെത് 265 ബില്യൻ ഡോളറുമാണ്. ചിപ് ഉൽപാദനത്തിന്റെ ബലത്തിൽ തായ്വാനും ബ്രിട്ടന്റെ മുന്നിലെത്തി.
മൊത്തം 5.06 ട്രില്യൻ ഡോളറിന്റെ ഉൽപാദനവുമായി ചൈന തന്നെ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, 2.7 ട്രില്യൻ ഡോളറിന്റെ ഉൽപാദനവുമായി അമേരിക്ക രണ്ടാം സ്ഥാനത്തുണ്ട്. ലോക ഉൽപാദക രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഏറ്റവും പുതിയ ഔദ്യോഗിക വിവരങ്ങൾ ശേഖരിച്ചാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ, പ്രധാനമന്ത്രി സർ കീർ സ്റ്റാർമറിന് കടുത്ത വെല്ലുവിളിയായിരിക്കും ഈ സാഹചര്യം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ബ്രിട്ടീഷ് ഉൽപാദക മേഖല വിപുലപ്പെടുത്തുന്നതിനും, ഇലക്ട്രിക് കാറുകൾ, ബാറ്ററികൾ, വിൻഡ് ടർബൈൻസ് പോലുള്ള ആധുനിക സാങ്കേതിക വിദ്യകൾക്കും, പരമ്പരാഗത മേഖലകൾക്കും വേണ്ടി കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ഉള്ള സ്റ്റാർമറിന്റെ പ്രവർത്തനങ്ങളെ ഈ റിപ്പോർട്ട് എത്രമാത്രം സ്വാധീനിക്കുമെന്ന് അറിയാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. ടാറ്റാ സ്റ്റീലിന്റെ പോർട്ട് ടാൾബോട്ടിലെ ഫാക്ടറി നവീകരണവും ബെൽഫാസ്റ്റ് ആസ്ഥാനമായുള്ള കപ്പൽ നിർമ്മാതാക്കളായ ഹാർലാൻഡ് ആൻഡ് വോൾഫിലെ പ്രതിസന്ധികളും ആയിരക്കണക്കിന് തൊഴിൽ നഷ്ടങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ബ്രിട്ടനിൽ ഉള്ളതെന്നു കൂടി ഓർക്കണം.
© Copyright 2023. All Rights Reserved