ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മാന്ത്രിക പ്രകടനം പുറത്തെടുത്ത സോഫി എക്ലെസ്റ്റൻ പുറത്തെടുത്ത ഐതിഹാസിക പ്രകടനമാണ് ത്രില്ലർ പോരാട്ടത്തിൽ യുപിയെ ജയത്തിലേക്ക് നയിച്ചത്.
മത്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് സൂപ്പർ ഓവർ ഫലം നിർണയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആർസിബി വനിതകൾ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് കണ്ടെത്തി. യുപി വനിതകളുടെ മറുപടിയും 20 ഓവറിൽ 180 റൺസിൽ തന്നെ അവസാനിച്ചു. പിന്നാലെ സൂപ്പർ ഓവർ. മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ അവസാന ഓവറിൽ കൂറ്റനടികളുമായി സോഫി ടീമിനെ സമനിലയിൽ എത്തിച്ചു. പിന്നാലെ സൂപ്പർ ഓവറിൽ താരം പന്തു കൊണ്ടും മാജിക്ക് പുറത്തെടുത്തു. ഉറപ്പിച്ച ജയം കൈവിട്ടതിന്റെ അവിശ്വസനീയതയിൽ ആർസിബി മൈതാനത്തു നിന്നു.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്തത് യുപിയാണ്. അവർ 8 റൺസെടുത്തു. ആർസിബിയുടെ മറുപടി വെറും 4 റൺസിൽ ഒതുങ്ങി. സൂപ്പർ ഓവറിൽ സോഫി എക്ലസ്റ്റനാണ് യുപിക്കായി പന്തെറിഞ്ഞത്. ആർസിബിക്കായി ബാറ്റ് ചെയ്യാനിറങ്ങിയത് സ്മൃതി മന്ധാനയും റിച്ച ഘോഷും. കൂറ്റനടിക്കാരായ ഇരുവർക്കും പക്ഷേ സോഫി എക്ലസ്റ്റന്റെ പന്തുകളിൽ രണ്ട് വീതം റൺസ് നേടാൻ മാത്രമാണ് സാധിച്ചത്.
© Copyright 2024. All Rights Reserved