മാനന്തവാടി വന്യമൃഗ ആക്രമണത്തിനെതിരെ മൂന്നു മുന്നണികളും വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. ഒരാഴ്‌ചയ്ക്കിടെ രണ്ടുപേരെ കാട്ടാന ചവിട്ടിക്കൊന്നതിനു പിന്നാലെയാണ് യുഡിഎഫ്, എൽഡിഎഫ്, ബിജെപി എന്നിവർ ഹർത്താൽ പ്രഖ്യാപിച്ചത്. ബസുകൾ ഒന്നും തന്നെ ഓടുന്നില്ല. കടകൾ എല്ലാം അടഞ്ഞുകിടക്കുകയാണ്. ഇതുവരെ അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ല. വിവിധ രാഷ്ട്രീയ പാർട്ടികളും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ചുരത്തിൽ വാഹനം തടയുന്നു. മൂന്നു മുന്നണികളും ഒരേ ദിവസം ഒരേ ആവശ്യത്തിനായി വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിക്കുന്നത് അപൂർവമാണ്. വന്യമൃഗശല്യം മൂലം പൊറുതിമുട്ടിയ ജനം രാഷ്ട്രീയത്തിന് അതീതമായി പ്രതിഷേധ പരിപാടികൾ നടത്തുകയാണ്. കഴിഞ്ഞ ശനിയാഴ്ചയാണു പടമല പനച്ചിയിൽ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്നത്.കൃത്യം ഒരാഴ്ചയായപ്പോൾ ഏഴ് കിലോമീറ്റർ അപ്പുറം വെള്ളച്ചാലിൽ പോളിനെ കാട്ടാന ചവിട്ടിക്കൊന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണു പോൾ മരിച്ചത്. ഇന്നലെ രാത്രിയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. മൃതദേഹം ഏറ്റുവാങ്ങി ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ വയനാട്ടിലേക്കു കൊണ്ടുപോകും. ഇന്ന് രാവിലെ ഒൻപതുമണിയോടെ മൃതദേഹം പുൽപ്പള്ളി ടൗണിൽ എത്തിക്കും. പുൽപ്പള്ളിയിൽ വലിയ രീതിയിൽ പ്രതിഷേധം ഉണ്ടാകുമെന്നാണു പൊലീസ് നികമനം .
© Copyright 2023. All Rights Reserved