ലാൻഡ്‌ലോർഡ്‌സിന് കൂടുതൽ നിയന്ത്രണങ്ങളുമായി റെന്റേഴ്‌സ് റൈറ്റ്‌സ് ബിൽ. ഒരു മാസത്തെ വാടക തുകയിൽ കൂടുതൽ അഡ്വാൻസായി ചോദിക്കുന്നതിന് ലാൻഡ്‌ലോർഡ്‌സിന് വിലക്ക് വരും. ലാൻഡ്‌ലോർഡ്‌സിനും, ലെറ്റിംഗ് ഏജൻസികൾക്കും വാടകക്കാർക്കിടയിൽ അലിഖിത 'ലേലം' നടത്തുന്ന രീതിക്കും അവസാനം വരും.
-------------------aud--------------------------------
രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ആറ്, ഒൻപത്, ചിലപ്പോൾ 12 മാസം വരെ വാടക അഡ്വാൻസായി ചോദിക്കുന്ന രീതി നടക്കുന്നുണ്ടെന്ന് ഹൗസിംഗ് മന്ത്രി മാത്യൂ പെന്നികുക്ക് എംപിമാരോട് പറഞ്ഞു. ഇത് വാടകക്കാരുടെ സാമ്പത്തിക സ്ഥിതി തകർക്കുന്ന നിലയിലേക്കാണ് വർദ്ധിക്കുന്നത്. ചില ഘട്ടങ്ങളിൽ ഇവർക്ക് താമസിക്കാൻ വീട് തെരഞ്ഞെടുക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു.
വാടകക്കാരോട് വൻ തുക മുൻകൂറായി ആവശ്യപ്പെട്ടാൽ 5000 പൗണ്ട് വരെ പിഴ ഈടാക്കുമെന്ന് ലാൻഡ്‌ലോർഡ്‌സിനും, ലെറ്റിംഗ് ഏജൻസികൾക്കും മന്ത്രി മുന്നറിയിപ്പ് നൽകി. ബില്ലിൽ വരുത്തുന്ന പുതിയ മാറ്റങ്ങളിലൂടെ വാടകക്കാർക്ക് ഇത്തരത്തിലുള്ള അന്യായ ആവശ്യങ്ങളിൽ നിന്നും സംരക്ഷണം നൽകുമെന്നാണ് പ്രഖ്യാപനം.
ബില്ലിന്റെ അടുത്ത ഘട്ടത്തെ കുറിച്ച് സഭയിൽ സംസാരിക്കുകയായിരുന്നു പെന്നികുക്ക്. പുതിയ വാടകക്കാരിൽ നിന്നും അന്യായമായ തുക മുൻകൂർ ചോദിക്കുന്ന രീതിയെ ഹൗസിംഗ് സെക്രട്ടറിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ആഞ്ചെല റെയ്‌നർ രൂക്ഷമായി വിമർശിച്ചു.എന്നാൽ ഒരു മാസത്തിൽ കൂടുതൽ മുൻകൂർ ലഭിക്കാത്ത പക്ഷം വാടകക്കാർക്ക് വാടക നൽകാൻ ശേഷിയുണ്ടെന്ന് തെളിയിക്കാൻ മറ്റ് മാർഗ്ഗമില്ലെന്ന് ലാൻഡ്‌ലോർഡ് ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകി.
© Copyright 2025. All Rights Reserved