സ്‌കൂള്‍ അധികൃതര്‍ കുടിവെള്ളം കൊണ്ടു വരാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ഉറപ്പുവരുത്തണമെന്ന് പൊതുവിദ്യാഭ്യാസ - തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ വെള്ളം കുടിക്കാനായി ഇടവേള അനുവദിക്കുന്ന വാട്ടര്‍ ബെല്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മണക്കാട് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
36 ഡിഗ്രി സെല്‍ഷ്യസ് ചൂടിലേക്ക് സംസ്ഥാനം പോകുന്ന സാഹചര്യത്തില്‍ പരമാവധി വെള്ളം കുടിക്കണം. വാട്ടര്‍ ബെല്‍ പദ്ധതിയിലൂടെ വേനല്‍ക്കാലത്തുണ്ടാകുന്ന അസുഖങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ സാധിക്കും. ആവശ്യമെങ്കില്‍ വിദ്യാര്‍ഥികൾ ഏത് സമയത്തും വെള്ളം കുടിക്കണമെന്നാണ് പറയാനുള്ളത്. സംസ്ഥാനത്ത് വേനല്‍ച്ചൂട് കനക്കുന്ന സാഹചര്യത്തിലാണ് വിദ്യാലയങ്ങളില്‍ വാട്ടര്‍ ബെല്‍ അനുവദിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. നിലവിലെ ഇന്റര്‍വെല്ലുകള്‍ക്കു പുറമെയാണ് പുതിയ ഇടവേള കൂടി അനുവദിക്കാന്‍ തീരുമാനമായിരിക്കുന്നത്. വെള്ളം കുടിക്കാനുള്ള ഇടവേള അഞ്ചു മിനിറ്റ് സമയമായിരിക്കും. രാവിലെ 10.30നും ഉച്ചക്ക് രണ്ടു മണിക്കുമായിരിക്കും വാട്ടര്‍ ബെല്‍ മുഴങ്ങുകയെന്നും മന്ത്രി പറഞ്ഞു. വാട്ടര്‍ ബെല്ലിനു ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് കുടിവെള്ളം നല്‍കിയാണ് മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
© Copyright 2025. All Rights Reserved