വാട്ടർ ബില്ലുകൾ കുത്തനെ ഉയരുമെന്ന് പ്രഖ്യാപിച്ച് വാട്ടർ യുകെ. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കുടുംബ ബജറ്റ് അട്ടിമറിക്കുന്ന തീരുമാനമാണ് റെഗുലേറ്റർ കൈക്കൊണ്ടിരിക്കുന്നത്. ഇതോടെ ഏപ്രിൽ മാസത്തിൽ 47% വരെ നിരക്ക് വർദ്ധനവാണ് കുടുംബങ്ങൾ നേരിടേണ്ടി വരുന്നത്.
-------------------aud--------------------------------
ശരാശരി വാർഷിക വാട്ടർ, വേസ്റ്റ് വാട്ടർ ബില്ലുകൾ 123 പൗണ്ടാണ് വർദ്ധിക്കുക. ഇതോടെ ശരാശരി ബില്ലുകൾ 480 പൗണ്ടിൽ നിന്നും 603 പൗണ്ടിലേക്കാണ് ഉയരുക. പ്രതിമാസം ഏകദേശം 10 പൗണ്ടാണ് കുതിച്ചുചാട്ടം. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ നിരക്ക് വർദ്ധനവുകളാണ് അനുഭവപ്പെടുക.
സതേൺ വാട്ടർ ഉപഭോക്താക്കൾക്കാണ് ഏറ്റവും ഉയർന്ന വർദ്ധന അനുഭവിക്കേണ്ടി വരിക. ഇവരുടെ സേവനങ്ങൾ ഉപയോഗിക്കുന്ന ജനങ്ങൾക്ക് 224 പൗണ്ടാണ് ബിൽ ഉയരുന്നത്. ഇതോടെ ശരാശരി വാർഷിക ചെലവ് 703 പൗണ്ടിലെത്തും. അധികം പിന്നിലല്ലാതെ ഹാഫ്രെൻ ഡിഫർഡ്വി ബില്ലുകൾ നിലയുറപ്പിക്കുന്നു. 32% നിരക്ക് വർദ്ധനയുള്ളതിനാൽ പ്രതിവർഷം 447 പൗണ്ടിൽ നിന്നും 590 പൗണ്ടിലേക്കാണ് നിരക്ക് ഉയരുക. സൗത്ത് വെസ്റ്റ് വാട്ടർ ബില്ലുകൾ 520 പൗണ്ടിൽ നിന്നും 686 പൗണ്ടിലേക്കും വർദ്ധിക്കും.
തെയിംസ് വാട്ടർ ഉപഭോക്താക്കൾക്ക് 31% വർദ്ധനവാണ് വഹിക്കേണ്ടി വരിക. യോർക്ക്ഷയർ വാട്ടർ 29% വർദ്ധനവിനും പദ്ധതിയിടുന്നു. അതേസമയം എസ്ഇഎസ് വാട്ടർ സപ്ലൈ ചെയ്യുന്ന കുടുംബങ്ങൾക്ക് ഇതിനിടയിൽ നിരക്കിൽ ആശ്വാസം ലഭിക്കും. ഇവരുടെ നിരക്ക് 5 പൗണ്ട് കുറഞ്ഞ് 254 പൗണ്ടിൽ നിന്നും 249 പൗണ്ടിലേക്കാണ് കുറയുക. വാട്ടർ മീറ്ററും, എത്ര വെള്ളം ഉപയോഗിക്കുന്നു എന്നതും അനുസരിച്ചാണ് നിരക്ക് വർദ്ധന നിശ്ചയിക്കുക.
© Copyright 2024. All Rights Reserved