മധ്യപ്രദേശിൽ ബോധംകെട്ട് കിടക്കുന്ന പാമ്പിന് സിപിആർ നൽകുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. വായോട് വായ് ചേർത്ത് പിടിച്ച് പൊലീസ് കോൺസ്റ്റബിൾ സിപിആർ നൽകുന്ന ദൃശ്യങ്ങളാണ് ഒരേ സമയം അമ്പരപ്പും ഭയവും ജനിപ്പിച്ചത്.
മധ്യപ്രദേശിലെ നർമ്മദാപുരത്തിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. ജനവാസകേന്ദ്രത്തിൽ പൈപ്പ്ലൈനിൽ കയറിയ പാമ്പിനെ പുറത്തെടുക്കാൻ നാട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടു. തുടർന്ന് കീടനാശിനി കലർന്ന വെള്ളം തളിച്ചതോടെയാണ് പാമ്പ് ബോധംകെട്ടത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പുറത്തെടുത്ത പാമ്പ് ബോധമില്ലാതെ ചലനമറ്റ നിലയിലാണ് എന്ന് തിരിച്ചറിഞ്ഞ പൊലീസ് കോൺസ്റ്റബിൾ അതുൽ ശർമ്മ വായോട് വായ് ചേർത്തുപിടിച്ച് സിപിആർ നൽകുകയായിരുന്നു. തുടർന്ന് പാമ്പിന്റെമേൽ വെള്ളം തളിക്കുകയും ചെയ്തു. അൽപ്പസമയത്തിനകം പാമ്പ് ചലിക്കാൻ തുടങ്ങിയതോടെ, നാട്ടുകാർ അതുൽ ശർമ്മയെ അഭിനന്ദിക്കാൻ തുടങ്ങി. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ 500ലധികം പാമ്പുകളെ രക്ഷിച്ചതായി അതുൽ ശർമ്മ അവകാശപ്പെട്ടു. വിഷമില്ലാത്ത പാമ്പിനാണ് സിപിആർ നൽകിയത്.
എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് അനുകൂലിച്ചും വിമർശിച്ചും നിരവധി കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിലർ പൊലീസ് ഉദ്യോഗസ്ഥനെ പ്രശംസകൾ കൊണ്ട് മൂടിയപ്പോൾ മറ്റുചിലർ ഇത് ശാസ്ത്രീയമാർഗമല്ല എന്ന തരത്തിൽ വിമർശിച്ചു. സിപിആർ നൽകി പാമ്പിനെ ഉണർത്താൻ കഴിയില്ല എന്നാണ് കമന്റുകളിൽ പറയുന്നത്. പാമ്പുകൾക്ക് മറ്റു സസ്തനികളിൽ നിന്ന് വ്യത്യസ്തമായി ശ്വാസകോശം ഇല്ലെന്നും വയറ്റിലെ വായുഅറകൾ ഉപയോഗിച്ചാണ് ശ്വസിക്കുന്നത് എന്നും പേശികളാണ് പാമ്പിന്റെ ശ്വസനത്തെ സഹായിക്കുന്നതെന്നുമാണ് കമന്റുകളിൽ പറയുന്നത്.
© Copyright 2023. All Rights Reserved