മാർക്ക് ഡ്രേക്ക്ഫോർഡിന്റെ വെയ്ൽസിലെ ലേബർ സർക്കാർ ഇപ്പോൾ ജനരോഷം അഭിമുഖീകരിക്കുകയാണ്. മോട്ടോർ വാഹന ഉടമകളുടെ ജീവിതം ദുസ്സഹമാക്കുന്ന സർക്കാർ നയങ്ങൾക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്. പല കാർ ഉടമകളും കാർ ഉപേക്ഷിച്ച് പൊതു ഗതാഗത സംവിധാനത്തെ ആശ്രയിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനിടയിലാണ് കാർഡിഫിൽ കൺജഷൻ ചാർജ്ജ് ഈടാക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടും പുറത്തു വരുന്നത്. അതിനൊപ്പം മണിക്കൂറിൽ 20 മൈൽ വേഗത പരിധി ബസ്സുകൾക്ക് ബാധകമാക്കരുതെന്ന ആവശ്യവും ഉയരുന്നു. സ്വതന്ത്ര ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ സിറ്റീസ് പറയുന്നത് ബസ്സ് യാത്ര കാർ യാത്രയേക്കാൾ വേഗത ഏറിയതായിരിക്കണം എന്നാണ്. അതുകൊണ്ടു തന്നെ വേഗത പരിധി ബസ്സുകൾക്ക് ബാധകമാക്കരുതെന്നും അവർ ആവശ്യപ്പെടുന്നു. ഇതേ റിപ്പോർട്ടിൽ തന്നെയാണ് കാർഡിഫിൽ പ്രതിദിനം മൂന്ന് പൗണ്ട് കൺജഷൻ ചാർജ്ജ് മോട്ടോർ വാഹനങ്ങൾക്ക് ചുമത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതും.
2040 ആകുമ്പോഴേക്കും മൊത്തം യാത്രകളിൽ 45 ശതമാനം പൊതുഗതാഗം വഴിയാക്കുവാനാണ് വെൽഷ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, അതിനനുസരിച്ച് പൊതുഗതാഗത സംവിധാനത്തിന്റെ നിലവാരം ഉയർന്നിട്ടില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. വാഹനമുടമകളെ, സ്വന്തം വാഹനം ഉപേക്ഷിക്കാൻ സർക്കാർ നിർബന്ധിതരാക്കുന്നു എന്നാണ് കൺസർവേറ്റീവ് പാർട്ടിയുടെ ഷാഡോ ട്രാൻസ്പോർട്ട് മിനിസ്റ്റർ നടാഷ അസ്ഗർ പറഞ്ഞത്. യാത്ര എങ്ങനെയാകണം എന്ന് തീരുമാനിക്കുന്നതിനുള്ള ജനങ്ങളുടെ അവകാശം ഇല്ലാതെയാക്കുകയാണ് സർക്കാർ എന്നും അവർ ആരോപിച്ചു. ഒരു വാഹനം സ്വന്തമായി ഉണ്ട് എന്നതിനാൽ ശിക്ഷ അനുഭവിക്കേണ്ടി വരുന്ന സാഹചര്യം അനുവദിച്ചു കൊടുക്കാൻ കഴിയില്ലെന്നും നടാഷ അസ്ഗർ പറഞ്ഞു. ഈ നിർദ്ദേശങ്ങൾ സർക്കാർ അംഗീകരിച്ചാൽ വെയ്ൽസിന് ഉണ്ടാകുക അത്ര ശോഭനമല്ലാത്ത ഭാവിയായിരിക്കും എന്നും അവർ ചൂണ്ടിക്കാണിച്ചു. രാജ്യത്ത് ഗ്രാമീണ മേഖലകൾ ധാരാളമുള്ളതിനാൽ, കാറുകളാണ് ബസ്സുകളേക്കാൾ നല്ല ഗതാഗതോപാധി എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
എന്നാൽ, കാർഡിഫ് പോലൊരു സ്ഥലമാണ് കാറുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ അനുയോജ്യമായ ഇടമെന്നും റിപ്പോർട്ടിൽ പറയുന്നു. തൊഴിലാളികളുടെ എണ്ണം കൂടുതലാണ് എന്നതുമാത്രമല്ല കാരണം, മറിച്ച്, വെയ്ൽസിലെ മറ്റ് പട്ടണങ്ങളിലും നഗരങ്ങളിലും കൂടുതൽ കാര്യക്ഷമമായ പൊതുഗതാഗത സംവിധാനം വരേണ്ടതുണ്ട് എന്നതുകൂടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
© Copyright 2024. All Rights Reserved