വികസിത രാജ്യമെന്ന് അഭിമാനിക്കുന്ന യുകെയിൽ കിടപ്പാടമില്ലാത്തവരുടെ എണ്ണം വർദ്ധിച്ചു വരുന്നതായി റിപ്പോർട്ട്. ഇംഗ്ലണ്ടിൽ മാത്രം 2023 ലെ ശരത്ക്കാലത്ത് അന്തിയുറങ്ങാൻ തലക്ക് മേൽ ഒരു മേൽക്കൂരയുടെ സംരക്ഷണമില്ലാത്തവരുടെ എണ്ണം തൊട്ട് മുൻപത്തെ വർഷത്തേക്കാൽ 27 ശതമാനം വർദ്ധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പൊതുയിടങ്ങളിൽ അന്തിമയക്കത്തിന് തലചായ്ക്കുന്നവരുടെ എണ്ണം എല്ലായിടത്തും വർദ്ധിക്കുന്നുണ്ടെങ്കിലും ഏറ്റവുമധികം വർദ്ധന ഉണ്ടായിരിക്കുന്നത് ലണ്ടനിലാണ്. നഗരത്തിൽ മാത്രം വീടുകളില്ലാത്തവരുടെ എണ്ണം 33 ശതമാനത്തിലധികമാണ് വർദ്ധിച്ചത്.
2019-ൽ കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വരുന്നതിന് മുൻപ് ഇത്തരത്തിൽ പൊതുയിടങ്ങളിൽ ഉറങ്ങുന്നവരുടെ എണ്ണം 9 ശതമാനം മാത്രമായിരുന്നു. സ്വന്തമായി വീടുകൾ ഇല്ലാത്തവരെയും, അന്തിമയക്കത്തിന് പൊതുയിടങ്ങൾ തേടുന്നവരെയും സഹായിക്കാൻ 2.4 ബില്യൻ പൗണ്ടിന്റെ പദ്ധതി ആവിഷ്‌കരിച്ചതായി സർക്കാർ വൃത്തങ്ങൾ പറയുന്നു. ഈ വർഷം അവസാനത്തോടെ പൊതുയിടങ്ങളിലെ ഉറക്കം അവസാനിപ്പിക്കുമെന്നും സർക്കാർ അവകാശപ്പെടുന്നുണ്ട്.
വീടുകളില്ലാതെ പൊതുയിടങ്ങളിൽ ഉറങ്ങുന്ന സ്ത്രീകളുടെ എണ്ണത്തിൽ 25 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായപ്പോൾ ഇത്തരത്തിലുള്ള, യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ എണ്ണത്തിൽ 87.7 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വർദ്ധനവ് ഉണ്ടായതിൽ പകുതിയിൽ അധികവും ഉണ്ടായിരിക്കുന്നത് രാജ്യത്തിന്റ് മൊത്തം വിസ്തീർണ്ണത്തിന്റെ ഏഴു ശതമാനം മാത്രം ഉൾക്കൊള്ളുന്ന 20 ലോക്കൽ അഥോറിറ്റികളുടെ അധികാര പരിധിയിലാണ് എന്നതാണ് കൗതുകകരം.
ലണ്ടനിൽ കഴിഞ്ഞവർഷം തെരുവോരങ്ങളിൽ ഉറങ്ങുന്നവരുടെ എണ്ണം 1,132 ആയിരുന്നു. 2022-ൽ ഇത് 858 മാത്രമായിരുന്നു എന്നതോർക്കണം. അതായത് 32ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. അടുത്തിടെ 10 സ്ത്രീകൾ ഉൾപ്പടെ 60 പേരടങ്ങുന്ന ഒരു സംഘം പാഡിംഗ്ടൺ സ്റ്റേഷനിൽ അന്തിയുറക്കത്തിന് എത്താൻ തുടങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഉള്ള 66 കാരിയായ റീത്ത കഴിഞ്ഞ ആറ് മാസക്കാലമായി സ്റ്റേഷനിലെ കസേരകൾ കൂട്ടിയിട്ട് അതിലാണ് ഉറങ്ങുന്നത്.
അവരുടെ, 38 വയസ്സുള്ള മകളും സ്റ്റേഷനിലാണ് അന്തിയുറക്കം. ബ്രിട്ടനിൽ ജനിച്ച് പിന്നീട് ഫ്രാൻസിലേക്ക് പോയ അവർ, ഒരു തട്ടിപ്പിൽ അകപ്പെട്ട് എല്ലാം നഷ്ടമായതോടെ ബ്രിട്ടനിലേക്ക് തിരിച്ചു വരികയായിരുന്നു. മറ്റാരെങ്കിലും ഇടം പിടിക്കുന്നതിന് മുൻപായി തലചായ്ക്കാൻ ഒരിടം കണ്ടെത്തുക എന്നത് ഒരു വെല്ലുവിളി തന്നെയാണെന്ന് അവർ പറയുന്നു. സ്റ്റേഷനിലെ തിരക്കൊഴിഞ്ഞ് ഏതാണ്ട് രാത്രി 12. 30 ഓടെ ഉറങ്ങാൻ തുടങ്ങിയാൽ രാവിലെ 4 മണിക്ക് എഴുന്നേൽക്കണം എന്നും അവർ പറയുന്നു.
അടുത്തിടെ മാഞ്ചസ്റ്റർ ടൗൺ ഹോളിന് മുൻപിലായി 81 ഓളം പേരെ തെരുവിൽ ഉറങ്ങുന്നതായി കണ്ടിരുന്നു എന്ന് ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. ഇവരിൽ അധികവും അടുത്തകാലത്ത് ബ്രിട്ടനിൽ തുടരാൻ അനുമതി ലഭിച്ച കുടിയെറ്റക്കാരാണ്. എന്നാൽ, അവർക്ക് താമസിക്കാൻ ഒരിടമില്ല. അപേക്ഷ നൽകി കാത്തിരിക്കുന്ന അഭയാർത്ഥികളുടെ എണ്ണം കുറച്ചു കൊണ്ടു വരാൻ ഹോം ഓഫീസ് സത്വര നടപടികൾ കൈക്കൊള്ളുന്നുണ്ട്. ഒപ്പം അഭയാർത്ഥികളെ ഹോട്ടലിൽ താമസിപ്പിക്കുക വഴി വരുന്ന ചെലവ് കുറയ്ക്കാനും.
ഇതിന്റെ ഫലമായി ഇപ്പോൾ ആയിരങ്ങൾക്ക് കൗൺസിലുകളുടെയും ചാരിറ്റി സംഘടനകളുടെയും ഔദാര്യത്തിൽ മാത്രം ജീവിക്കാനാവൂ എന്ന സ്ഥിതിയാണ്. സുഡാൻ, എരിത്രിയ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ടൗൺഹാളിന് പുറത്തുള്ളവരിൽ ഏറിയ പങ്കും.
© Copyright 2023. All Rights Reserved