വിജയ്‌യുടെ ‘ലിയോ’ സിനിമയുമായി ബന്ധപ്പെട്ട് ലത രജനികാന്തിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ സ്ക്രീൻഷോട്ടുകളാണെന്ന് വെളിപ്പെടുത്തി രജനികാന്തിന്റെ പിആർഒ റിയാസ് കെ. അഹമ്മദ്. ‘ലിയോ’ സിനിമ ദുരന്തമാണെന്ന രജനി ഫാൻസിന്റെ ട്വീറ്റ് ലത രജനികാന്ത് ലൈക്ക് ചെയ്തു എന്ന് ആരോപിച്ചായിരുന്നു വിജയ് ആരാധകർ വിമർശനവുമായി എത്തിയത്. എന്നാൽ പ്രചരിക്കുന്ന വിഡിയോയിൽ കാണിക്കുന്നത് ലത രജനികാന്തിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് ആണെന്ന് റിയാസ് പറഞ്ഞു. ലത രജനികാന്തിന്‍റെ യഥാര്‍ഥ എക്സ് അക്കൗണ്ടിന്റെ വിവരങ്ങളും പങ്കുവച്ചു.
നേരത്തേ ‘ലിയോ’ സിനിമയുടെ വിജയാഘോഷത്തിലെ വിജയ്‌യുടെ പ്രസംഗം രജനി ആരാധകരിൽ അമർഷമുണ്ടാക്കിയിരുന്നു. ‘ജയിലർ’ ട്രെയിലർ ലോഞ്ചിൽ രജനി പ്രസംഗത്തിനിടെ പറഞ്ഞ കാക്ക–കഴുകൻ പരാമർശം തന്റെ പ്രസംഗത്തിൽ വിജയ് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ അതിനെപ്പറ്റി കൂടുതൽ പറയാതെ തമാശരൂപേണ ആ വിഷയം മാറ്റുകയായിരുന്നു. ട്രെയിലര്‍ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്കു തുടക്കമിട്ടത്. ‘‘പക്ഷികളില്‍ കാക്ക ഭയങ്കര വികൃതിയാണ്. ഒരു കാരണവുമില്ലാതെ പ്രാവുകളെയും കുരുവികളെയുമൊക്കെ കൊത്തി ശല്യപ്പെടുത്തും. എന്നാല്‍ കഴുകനിങ്ങനെ മുകളില്‍ കൂടി പറക്കും.’’–ഇതായിരുന്നു രജനിയുടെ വാക്കുകൾ. കാക്കയെന്നു രജനി ഉദ്ദേശിച്ചത് വിജയ്‍യെ ആണെന്ന് ആരോപിച്ച് ആരാധകർ രംഗത്തെത്തിയതോടെയാണ് സമൂഹമാധ്യമങ്ങളിൽ ഫാൻ ഫൈറ്റ് തുടങ്ങിയത്.
© Copyright 2023. All Rights Reserved