മലയാളത്തിലെ ക്ലാസിക് സിനിമ മണിചിത്രതാഴിൻറെ ഹിന്ദി റീമേക്ക് ആയിരുന്നു ഭൂൽ ഭുലയ്യ. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം 2007ലാണ് റിലീസായത്. ടി സീരിസ് നിർമ്മിച്ച ചിത്രത്തിൽ അക്ഷയ് കുമാർ വിദ്യ ബാലൻ ഷൈനി അഹൂജ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. എന്നാൽ ഭൂൽ ഭുലയ്യ 2 ഇറങ്ങിയപ്പോൾ അതിൽ അക്ഷയ് കുമാറും പ്രിയദർശനും ഇല്ലായിരുന്നു. അനീസ് ബസ്മി സംവിധാനം ചെയ്ത് ഭൂൽ ഭുലയ്യ 2 2022ലാണ് റിലീസായത്. കാർത്തിക് ആര്യനും, കെയ്റ അദ്വാനിയും ആണ് നായിക നായകന്മാരായത്. തബു പ്രധാന വേഷത്തിൽ എത്തി. ചിത്രം കൊവിഡ് കാലത്തിന് ശേഷം ബോളിവുഡിലെ ആദ്യത്തെ 100 കോടി ചിത്രം ആയിരുന്നു.
ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗമാണ് ഇപ്പോൾ എത്തുന്നത്. നടൻ അക്ഷയ് കുമാർ പദ്ധതിയുടെ ഭാഗമല്ലെങ്കിലും വിദ്യാ ബാലൻ ഐക്കോണിക് റോളായ മഞ്ജുളികയായി എത്തിയിട്ടുണ്ട്. ടീസറിൽ വിദ്യ പ്രത്യക്ഷപ്പെടുന്നുണ്ട്. കളർഫുള്ളായ ഒരു കോമഡി എൻറർടെയ്മെൻറാണ് ഒരുങ്ങുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. റൂഹ് ബാബ എന്ന റോളിൽ കാർത്തിക് ആര്യൻ വീണ്ടും എത്തുകയാണ് ചിത്രത്തിൽ.
കാർത്തിക്കും തൃപ്തി ദിമ്രിയും തമ്മിലുള്ള പ്രണയ കാഴ്ചകളും ടീസർ നൽകുന്നു. രാജ്പാൽ യാദവ്, സഞ്ജയ് മിശ്ര, അശ്വിനി കൽസേക്കർ എന്നിവരും ഹൊറർ കോമഡിയുടെ ടീസറിൽ ഇടം പിടിച്ചിട്ടുണ്ട്.
© Copyright 2024. All Rights Reserved