വിന്റർ ഫ്യുവൽ പെയ്മെന്റ് നിർത്തലാക്കിയതിന് പുറമെ വീണ്ടും പെൻഷൻകാർക്ക് ശിക്ഷയുമായി ലേബർ സർക്കാർ. ആയിരക്കണക്കിന് പെൻഷൻകാർക്ക് ഇനി മുതൽ കെയർ ഹോം ബില്ലിൽ 17,000 പൗണ്ടിന്റെ അധിക ചെലവ് വരും. ട്രിപ്പിൾ ലോക്ക് സംരക്ഷിക്കും എന്ന കീർ സ്റ്റാർമറുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ കേവലം നോക്കുകുത്തിയാക്കുന്ന തീരുമാനമാണ് ചാൻസലർ റേച്ചൽ റീവ്‌സിന്റേതെന്ന് വിമർശകർ പറയുന്നു.
-------------------aud--------------------------------
പെൻഷനുകൾ പണപ്പെരുപ്പത്തിനൊപ്പം പൊരുത്തപ്പെടുത്തുന്നതിനായിട്ടായിരുന്നു ട്രിപ്പിൾ ലോക്ക് സിസ്റ്റം രൂപീകരിച്ചത്. എന്നാൽ, അതീവ കഷ്ടതകൾ അനുഭവിക്കുന്ന പല വൃദ്ധർക്കും തങ്ങളുടെ വീടുകൾ വിൽക്കേണ്ടി വരുന്ന അവസ്ഥ തുടർന്നു കൊണ്ടിരിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. ഏകദേശം 9.9 മില്യൺ പെൻഷൻകാർക്ക് വിന്റർ ഫ്യുവൽ പേയ്‌മെന്റ് നിഷേധിച്ച സർക്കാരിനെതിരെ പെൻഷൻകാരിൽ അമർഷം പതഞ്ഞു പൊങ്ങുകയാണ്. പലരും വരുന്ന ശൈത്യകാലത്ത് തണുത്ത് വിറങ്ങലിച്ചു ജീവിക്കേണ്ട സാഹചര്യമാണെന്ന് അവർ കുറ്റപ്പെടുത്തുന്നു.
പെൻഷൻ, പണപ്പെരുപ്പത്തിനോ, വരുമാനത്തിനോ അനുസരിച്ച് വർദ്ധിക്കും എന്ന് ഉറപ്പു വരുത്തുന്ന ട്രിപ്പിൾ ലോക്ക് നിലനിർത്തും എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം വെള്ളത്തിൽ വരച്ച വരയായി എന്ന് അവർ പറയുന്നു. യഥാർത്ഥത്തിൽ 80 ന് മുകളിൽ പ്രായമുള്ളവർക്കുള്ള സാമ്പത്തിക സഹായം 3.2 ശതമാനം കുറയുകയാണ് ഉണ്ടായതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ചാൻസലർ റേച്ചൽ റീവ്‌സ് പ്രഖ്യാപിച്ച ചെലവ് ചുരുക്കൽ നടപടികൾ ഏറ്റവുമധികം ബാധിക്കുന്നത് വൃദ്ധരെയാണെന്ന് ക്യാമ്പെയിൻ ഗ്രൂപ്പ് ആയ സിൽവർ വോയ്‌സസിന്റെ ഡയറക്ടർ ഡെന്നിസ് റീഡ് ആരോപിക്കുന്നു.
ഇംഗ്ലണ്ടിൽ ഏതൊരു വ്യക്തിയും പേഴ്സണൽ കെയറിനായി ചെലവാക്കേണ്ട തുകക്ക് 86,000 പൗണ്ട് എന്ന പരിധി നിശ്ചയിക്കുന്ന പദ്ധതി കഴിഞ്ഞയാഴ്ച റീവ്‌സ് എടുത്തു കളഞ്ഞിരുന്നു. ഡിമെൻഷ്യ പോലുള്ള ഉയർന്ന ചെലവുകൾ വരുന്ന രോഗങ്ങൾ ഉള്ളവരെ സംരക്ഷിക്കുന്നതിനായിട്ടായിരുന്നു ഈ പരിധി കൊണ്ടു വന്നിരുന്നത്. ഇത് അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരാൻ ഇരിക്കുകയായിരുന്നു. എന്നാൽ, പൊതു ധനത്തിൽ ഇത് 22 ബില്യൺ പൗണ്ടിന്റെ കമ്മി സൃഷ്ടിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് റീവ്‌സ് ഈ പദ്ധതിയിൽ നിന്നും പുറകോട്ട് പോകുന്നത്.
എന്നാൽ, ഈ പരിധി എടുത്തു കളയുന്നത് പെൻഷൻകാരിൽ അതീവ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് നടത്തിയ ഒരു പഠനത്തിൽ പറയുന്നു. നിലവിൽ കെയർ ഹോമുകളിലുള്ള ചുരുങ്ങിയത് 20,000 പേർക്കെങ്കിലും ഈ പദ്ധതികൊണ്ട് പ്രയോജനം ലഭിക്കുമായിരുന്നു എന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
വീടിന്റെ മൂല്യം ഉൾപ്പടെ, 1,05,000 പൗണ്ട് ആസ്തിയുള്ള ഒരു വ്യക്തി, ഒരു റെസിഡൻഷ്യൽ കെയറിലെ ശരാശരി താമസ സമയമായ 97 ദിവസം അവിടെ താമസിക്കുമ്പോൽ ഏതാണ് 17,000 പൗണ്ട് ഈ പദ്ധതി വഴി ലാഭിക്കുമായിരുന്നു. ഈ പരിധി എടുത്തു കളയുന്നതോടെ വെറും 23,250 പൗണ്ട് ആസ്തിയുള്ളവർക്ക് പോലും കെയറിനുള്ള ഫണ്ടിംഗ് ലഭിക്കില്ല. ഇതോടെ പലർക്കും അവരുടെ സമ്പാദ്യം മുഴുവൻ ചെലവാക്കേണ്ടതായോ, വീട് വിൽക്കേണ്ടതായോ വന്നേക്കാം.
© Copyright 2023. All Rights Reserved