വിവിധ മോര്‍ട്ട്‌ഗേജ് ഡീലുകളാണ് ഇപ്പോള്‍ ആകര്‍ഷകമായ നിരക്കില്‍ ലഭ്യമാകുന്നത്. ഇപ്പോള്‍ ഹാലിഫാക്‌സാണ് തങ്ങളുടെ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭവനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആശ്വാസകരമാണ്.
തിങ്കളാഴ്ച മുതല്‍ ഹാലിഫാക്‌സ് തങ്ങളുടെ മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ വ്യത്യാസം വരുത്തും. ഇതില്‍ ഉയര്‍ന്ന ഡെപ്പോസിറ്റുള്ള, ഭവനങ്ങള്‍ മാറുന്നവര്‍ക്ക് മികച്ച രണ്ട് ഡീലുകളും ഉള്‍പ്പെടുന്നു. ഇത് പ്രകാരം അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് നിരക്ക് 4.73 ശതമാനത്തിലാണ് ലഭ്യമാകും, 999 പൗണ്ട് ഫീസും വേണ്ടിവരും. ലാഭകരമായ രണ്ട് വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് 5.24 ശതമാനത്തിലാണ് ലഭിക്കുന്നത്.
എന്നാല്‍ ഈ രണ്ട് ഡീലുകളും ചുരുങ്ങിയത് 40 ശതമാനം ഡെപ്പോസിറ്റുള്ളവര്‍ക്കാണ് ലഭ്യമാകുക. അതുകൊണ്ട് തന്നെ മോര്‍ട്ട്‌ഗേജ് ബ്രോക്കര്‍മാരോട് സംസാരിച്ച് കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കണം. 200,000 പൗണ്ട് മോര്‍ട്ട്‌ഗേജ് ആവശ്യമുള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് പ്രതിമാസം 1138 പൗണ്ടും, രണ്ട് വര്‍ഷത്തേതില്‍ 1197 പൗണ്ടുമാണ് തിരിച്ചടവ് വരിക. പണപ്പെരുപ്പം നിയന്ത്രണത്തില്‍ വരുന്നതിന്റെ സൂചനകള്‍ പുറത്തുവന്നത് ചെലവുകള്‍ കുറച്ചതാണ് മോര്‍ട്ട്‌ഗേജ് നിരക്കുകളുടെ ഭാരം കുറയുന്നതിലേക്ക് നയിച്ചത്.
നേഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി കഴിഞ്ഞ ദിവസം ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് കൂടുതല്‍ ആകര്‍ഷകമാക്കി കുറച്ചിരുന്നു. തങ്ങളുടെ പ്രധാന ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് ഡീലുകളില്‍ 0.45 ശതമാനം പോയിന്റ് വരെ നിരക്ക് കുറയ്ക്കാനാണ് നേഷന്‍വൈഡ് തയ്യാറായത്.
ഇതുവഴി രണ്ട് മികച്ച ഡീലുകളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഒന്ന് വീട് മാറാന്‍ ശ്രമിക്കുന്നവര്‍, രണ്ട് ലെന്‍ഡറെ സ്വിച്ച് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുഗ്രഹമാകും. നേഷന്‍വൈഡിന്റെ ഏറ്റവും ലാഭകരമായ അഞ്ച് വര്‍ഷത്തെ ഫിക്‌സഡ് ഡീല്‍ 0.2 ശതമാനം പോയിന്റ് കുറഞ്ഞ് 4.74 ശതമാനമായി താഴ്ന്നു. 999 പൗണ്ടാണ് ഇതിനുള്ള അറേഞ്ച്‌മെന്റ് ഫീ.
40 ശതമാനം ഡെപ്പോസിറ്റുള്ള ഹോം മൂവേഴ്‌സിനാണ് ഈ ലോണ്‍ ലഭ്യമാകുക. 200,000 പൗണ്ട് മോര്‍ട്ട്‌ഗേജുമായി വീട് മാറുന്നവര്‍ക്ക് 25 വര്‍ഷത്തെ കാലയളവ് തെരഞ്ഞെടുത്താല്‍ പ്രതിമാസ തിരിച്ചടവ് 1139 പൗണ്ടായിരിക്കും.
അതിനിടെ, തങ്ങളുടെ ലോണുകള്‍ തിരിച്ചടയ്ക്കാനുള്ള കാലയളവ് കൂടുതല്‍ മോര്‍ട്ട്‌ഗേജുകാര്‍ നീട്ടിവെയ്ക്കുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി. പ്രതിമാസ തിരിച്ചടവുകള്‍ നടത്താന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം കൈക്കൊള്ളാന്‍ പലരും നിര്‍ബന്ധിതമായത്. മോര്‍ട്ട്‌ഗേജ് കാലാവധി ദീര്‍ഘിപ്പിക്കുന്നത് പ്രതിമാസ തിരിച്ചടവുകളില്‍ ചെറിയ കാലത്തേക്ക് സമ്മര്‍ദം കുറയ്ക്കുമെങ്കിലും ഭാവിയില്‍ ഇത് തിരിച്ചടിയായി മാറും.
© Copyright 2023. All Rights Reserved