മെക്സിക്കോ സിറ്റി വിമാനം നാലുമണിക്കൂർ വൈകിയതിൽ പ്രതിഷേധിച്ച് യാത്രക്കാരൻ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് ചിറകിലേക്കിറങ്ങി നിന്നു. മെക്സിക്കോ രാജ്യാന്തര വിമാനത്താവളത്തിൽ വ്യാഴാഴ്‌ച ഉച്ചയോടെയാണ് സംഭവം.
റിപ്പോർട്ടുകൾ പ്രകാരം മെക്സിക്കോയിൽ നിന്ന് ഗ്വാട്ടിമാലയിലേക്ക് വ്യാഴാഴ്ച രാവിലെ 8.50ന് പുറപ്പെടേണ്ട എഎം 0672 എന്ന വിമാനം ഉച്ചയ്ക്ക് 2.19 ആയിട്ടും പുറപ്പെട്ടിരുന്നില്ല. സംഭവത്തിൽ യാത്രക്കാർ അസന്തുഷ്ടരായിരുന്നു. നാലുമണിക്കൂർ പിന്നിട്ടിട്ടും വിമാനം പുറപ്പെടുന്നില്ല എന്ന് കണ്ടതോടെയാണ് യാത്രക്കാരിലൊരാൾ എമർജൻസി വാതിൽ തുറന്ന് വിമാനത്തിൻ്റെ ചിറകിൽ പ്രവേശിച്ചത്. ഇയാൾ പിന്നീട് വിമാനത്തിലേക്ക് തിരിച്ചുകയറുകയും ചെയ്തു. അറ്റക്കുറ്റപ്പണികളെ തുടർന്നാണ് വിമാനം പുറപ്പെടാൻ വൈകിയത്. രാജ്യാന്തര സുരക്ഷാനിയന്ത്രണങ്ങളുടെ ഭാഗമായി വിമാനത്താവള അധികൃതർ ഇയാളെ പിന്നീട് പൊലീസിന് കൈമാറി. എന്നാൽ യാത്രക്കാരനെതിരെയുള്ള നടപടിയിൽ മറ്റുയാത്രക്കാർ പ്രതിഷേധം അറിയിച്ചു. യാത്രക്കാരനെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിമാനത്തിലുണ്ടായിരുന്ന 77 യാത്രക്കാരാണ് ഒപ്പിട്ട നിവേദനം അധികൃതർക്ക് സമർപ്പിച്ചത്.
© Copyright 2025. All Rights Reserved