വിമാനയാത്രയിൽ കൈയിൽ കരുതാവുന്ന ലഗേജിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി . ജനുവരിമുതൽ ആഭ്യന്തര, അന്തർദേശീയ യാത്രകളിൽ ഒരു ക്യാബിൻ ബാഗോ ഹാൻഡ്ബാഗോ മാത്രമാകും കൈയിൽ കരുതാൻ അനുവദിക്കുക.
-----------------------------
അധിക ഭാരത്തിനും വലിപ്പത്തിനും കൂടുതൽ പണം നൽകേണ്ടിവരും. യാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താനാണ് നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷ പരിശോധന കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാൻ നിയന്ത്രണം സഹായകരമാവുമെന്നാണ് പ്രതീക്ഷ. എയർ ഇന്ത്യയും ഇൻഡിഗോയുമടക്കം പ്രധാന വിമാന കമ്പനികളെല്ലാം പുതിയ മാർഗനിർദേശങ്ങളനുസരിച്ച് ബാഗേജ് നയങ്ങൾ പുതുക്കി. അവസാന നിമിഷത്തെ തടസ്സങ്ങളും അധിക നിരക്കും ഒഴിവാക്കാൻ യാത്രക്കാർ പുതുക്കിയ ബാഗേജ് നയങ്ങൾ പിന്തുടരണമെന്നാണ് നിർദേശം. നിർദേശങ്ങളിങ്ങനെ
• കൈയിൽ ഒരു ബാഗ് മാത്രം: ഓരോ യാത്രക്കാരനും ഏഴു കിലോഗ്രാമിൽ കൂടാത്ത ഒരു ഹാൻഡ് ബാഗോ ക്യാബിൻ ബാഗോ മാത്രമേ കൈവശം വെക്കാനാവൂ. മറ്റെല്ലാ ലഗേജുകളും ചെക്ക് ഇൻ ചെയ്യണം.
• ബാഗിന്റെ വലുപ്പം: ക്യാബിൻ ബാഗിന്റെ പരമാവധി വലുപ്പം 55 സെൻറി മീറ്ററിൽ കൂടരുത്. നീളം 40 സെൻറീ മീറ്റർ, വീതി 20 സെന്റീ മീറ്റർ. • അധിക ബാഗേജിനുള്ള സർചാർജ്: യാത്രക്കാരന്റെ കൈവശമുള്ള ക്യാബിൻ ബാഗിന്റെ വലുപ്പമോ ഭാരമോ പരിധി കവിഞ്ഞാൽ അധിക ബാഗേജ് ചാർജ് ഈടാക്കും.
അതേസമയം, 2024 മെയ് നാലിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇത് ബാധകമല്ല. അവർക്ക് പഴയ നിബന്ധനകൾ പ്രകാരം ഇക്കോണമിയിൽ 8 കിലോയും പ്രീമിയത്തിൽ 10 കിലോയും ബിസിനസ് ക്ലാസിൽ 12 കിലോയും കൊണ്ടുപോകാം. പുതിയ നിബന്ധനകൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. യാത്രക്കാരുടെ എണ്ണം വർധിച്ച് വരുന്നതിനാലാണ് അധികൃതർ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. നവംബറിൽ മാത്രം 1.42 കോടി യാത്രക്കാരാണ് ആഭ്യന്തര റൂട്ടുകളിൽ ഇന്ത്യൻ വിമാന കമ്പനികളെ ആശ്രയിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 12 ഇരട്ടിയാണിത്.
© Copyright 2024. All Rights Reserved