ഭാഷാതീതമായി ഇന്ത്യൻ ഭാഷകളിലെ സൂപ്പർതാര ചിത്രങ്ങൾ പാൻ ഇന്ത്യൻ റിലീസിന് ശ്രമിക്കുന്ന കാലമാണിത്. ബാഹുബലിയും പുഷ്പയും കെജിഎഫുമൊക്കെ ഉത്തരേന്ത്യൻ പ്രേക്ഷകർ ഏറ്റെടുത്തതും ഒടിടിയിലൂടെ സബ് ടൈറ്റിലോടെ ഇതരഭാഷാ ചിത്രങ്ങൾ കണ്ടുള്ള പ്രേക്ഷകരുടെ ശീലവുമൊക്കെയാണ് ഇതിന് കാരണം. അതിനാൽത്തന്നെ ഒരു ബിഗ് ബജറ്റ് സൂപ്പർതാര ചിത്രത്തിന് ഇന്ന് ലഭിക്കാൻ സാധ്യതയുള്ള കളക്ഷൻ വളരെ ഉയർന്നതാണ് ഷാരൂഖ് ഖാൻറെ രണ്ട് ചിത്രങ്ങളാണ് ഈ വർഷം 1000 കോടി ക്ലബ്ബുകളിൽ ഇടംപിടിച്ചത്. ഇപ്പോഴിതാ സിനിമാപ്രേമികളെ സംബന്ധിച്ച് കൗതുകമുണർത്തുന്ന ഒരു വിവരം പുറത്തെത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാൻറെ തന്നെ പുതിയ ചിത്രം ഡങ്കിയുടെ റിലീസ് സംബന്ധിച്ചാണ് അത്.
ക്രിസ്മസ് റിലീസ് ആയി എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബർ 22 ന് തിയറ്ററുകളിലെത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ അതേദിവസം തന്നെ വൻ ഹൈപ്പ് ഉള്ള മറ്റൊരു ചിത്രവും റിലീസ് പ്രഖ്യാപിച്ചിരുന്നു. പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകൻ ഒരുക്കുന്ന സലാർ ആണ് അത്. ഡങ്കി ഇന്ത്യയിൽ 22 നും യുഎസിൽ ഒരു ദിവസം മുൻപ് 21 നും എത്തുമെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഇന്ന് പുറത്തെത്തിയ ട്രെയ്‍ലറിലൂടെ ഡങ്കി നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്ന വിവരം അതിൽ നിന്ന് വ്യത്യസ്തമാണ്. ചിത്രത്തിൻറെ ആഗോള റിലീസ് ഡിസംബർ 21 ന് ആയിരിക്കുമെന്നതാണ് അത്. അതായത് സലാറിന് ഒരു ദിവസം മുൻപ് ചിത്രം തിയറ്ററുകളിലെത്തും. ആയതിനാൽത്തന്നെ ഒറ്റ ദിവസത്തേക്ക് സോളോ റിലീസ് ആണ് ഷാരൂഖ് ഖാൻ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങളെ സംബന്ധിച്ച് ഓപണിംഗ് കളക്ഷൻ പ്രധാനമാണ് എന്നതിനാൽ നിർണ്ണായക തീരുമാനമാണ് ഡങ്കി നിർമ്മാതാക്കൾ കൈക്കൊണ്ടിരിക്കുന്നത്. നേരത്തെ ഡങ്കിയുടെ യുഎസിലെ ആദ്യദിന അഡ്വാൻസ് ബുക്കിംഗ് സംബന്ധിച്ച വിവരം പുറത്തെത്തിയിരുന്നു. യുഎസിലെ 125 സ്ക്രീനുകളിലെ 351 ഷോകളിലേക്കുള്ള ആദ്യദിന അഡ്വാൻസ് ബുക്കിംഗിലൂടെ വെറും 30 ടിക്കറ്റുകൾ മാത്രമാണ് ചിത്രത്തിന് തുടക്കത്തിൽ വിൽക്കാൻ കഴിഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തുടർദിവസങ്ങളിൽ ബുക്കിംഗിൽ ചിത്രം മുന്നേറ്റം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാർ
© Copyright 2024. All Rights Reserved