ബ്രിട്ടനിൽ വീണ്ടും കൊടുങ്കാറ്റും മഴയും വെള്ളപ്പൊക്ക ഭീഷണിയും. ഡറാഗ് കൊടുങ്കാറ്റിന്റെ വരവാണ് കാലാവസ്ഥ ദുരിതം വിതയ്ക്കുക. വീക്കെൻഡിൽ അതിശക്തമായ കാറ്റും, മഴയും സമ്മാനിക്കാൻ 80 മൈൽ വരെ വേഗത്തിൽ വീശിയടിക്കുന്ന കൊടുങ്കാറ്റിനൊപ്പം മൂന്ന് ഇഞ്ച് വരെ മഴയും പെയ്യുന്നതോടെ ആശങ്കാപരമായ സാഹചര്യമാണ് ഉടലെടുക്കുന്നത്. അവശിഷ്ടങ്ങൾ പറക്കുന്നതിനാൽ ജീവഹാനി സംഭവിക്കാൻ ഇടയുള്ളതായി മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി.
-------------------aud--------------------------------
മഴ, കാറ്റ് എന്നിവയുമായി ബന്ധപ്പെട്ട മഞ്ഞ ജാഗ്രത ഇംഗ്ലണ്ടിലും, വെയിൽസിലും, നോർത്തേൺ ഇംഗ്ലണ്ടിലുമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മുതൽ ഞായറാഴ്ച രാവിലെ 6 വരെയാണ് മുന്നറിയിപ്പ് നിലവിലുള്ളത്. ആഴത്തിലുള്ള കുറഞ്ഞ പ്രഷർ സിസ്റ്റത്തിന് ഡറാഗ് കൊടുങ്കാറ്റെന്ന് പേര് നൽകും .
നവംബർ 27ന് കോണാൾ കൊടുങ്കാറ്റും, നവംബർ 22ന് ബെർട്ട് കൊടുങ്കാറ്റും ബ്രിട്ടനിൽ നാശംവിതച്ച് കടന്നുപോയിരുന്നു. പുതിയ കൊടുങ്കാറ്റ് രൂപമെടുക്കുന്ന സാഹചര്യത്തിൽ റോഡ്, റെയിൽ, എയർ, ഫെറി സർവ്വീസുകൾ ബാധിക്കപ്പെടുമെന്നതിനാൽ യാത്രാ തടസ്സം രൂപമെടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. വീടുകളിലും, ബിസിനസ്സുകളിലും വെള്ളപ്പൊക്കം പ്രതിസന്ധി സൃഷ്ടിക്കാനും സാധ്യതയുണ്ട്.
മേൽക്കൂരയിൽ നിന്നും ശക്തമായ കാറ്റിൽ ടൈലുകൾ പറന്ന് പോകാൻ ഇടയുണ്ട്. മഴയും, വെള്ളപ്പൊക്കവും റോഡിലൂടെ ഡ്രൈവിംഗ് ബുദ്ധിമുട്ടാക്കി മാറ്റിയേക്കാം. ചിലപ്പോൾ റോഡുകൾ അടച്ചിടാനും സാധ്യതയുണ്ടെന്നാണ് സൂചന. ഇതിന് പുറമെ പവർകട്ട്, മൊബൈൽ ഫോൺ കവറേജ് നഷ്ടമാകൽ എന്നിവയും വന്നുചേരാം. തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാല മൂലം പരുക്കേൽക്കാനും, ജീവൻ അപകടത്തിലാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
© Copyright 2024. All Rights Reserved