ഭാഷാഭേദമില്ലാതെ മികച്ച ഉള്ളടക്കവും അവതരണവുമായി എത്തുന്ന സിനിമകളെ എക്കാലവും ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട് മലയാളി. ഒടിടി അനന്തര കാലത്ത് ഇതരഭാഷാ സിനിമകൾ ഇഷ്ടപ്പെടുന്ന മലയാളി സിനിമാപ്രേമികളുടെ എണ്ണവും കൂടി. ഫലം മലയാള ചിത്രങ്ങളേക്കാൾ അധികം ഇതരഭാഷാ ചിത്രങ്ങൾ കേരളത്തിൽ ഇപ്പോൾ വിജയിക്കുന്നുണ്ട്. അതിൽ സൂപ്പർതാര ചിത്രങ്ങൾ മാത്രമല്ല എന്നതാണ് കൌതുകം. ജയിലറിനും മാർക്ക് ആൻറണിക്കും ലിയോയ്ക്കുമൊക്കെ ശേഷം മറ്റൊരു തമിഴ് ചിത്രവും കേരളത്തിൽ ആളെക്കൂട്ടുകയാണ്. രാഘവ ലോറൻസ്, എസ് ജെ സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം 2014 ൽ പുറത്തെത്തിയ ജിഗർതണ്ടയുടെ സീക്വൽ ആണ്. പിരീഡ് ആക്ഷൻ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രം ദീപാവലി റിലീസ് ആയി നവംബർ 10 നാണ് എത്തിയത്. ആദ്യ ഷോകൾക്കിപ്പുറം പോസിറ്റീവ് അഭിപ്രായം വന്നതോടെ വാരാന്ത്യത്തിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തമിഴ്നാടിനൊപ്പം കേരളത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി. ഇപ്പോഴിതാ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോൾ കേരളത്തിൽ സ്ക്രീൻ കൌണ്ട് കൂട്ടിയിരിക്കുകയാണ് ചിത്രം. ദുൽഖർ സൽമാൻറെ വേഫെറർ ഫിലിംസ് ആണ് ചിത്രത്തിൻറെ കേരളത്തിലെ വിതരണം. നവംബർ 10 ന് 105 തിയറ്ററുകളിലാണ് എത്തിയതെങ്കിൽ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോൾ 150 തിയറ്ററുകളിലേക്ക് ചിത്രം സ്ക്രീൻ കൌണ്ട് വർധിപ്പിച്ചിട്ടുണ്ട്. രാഘവ ലോറൻസും എസ് ജെ സൂര്യയും മത്സരിച്ച് അഭിനയിച്ചിട്ടുള്ള ചിത്രത്തിൽ മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയ്ക്കും നിമിഷ സജയനും പ്രാധാന്യമുള്ള വേഷങ്ങൾ ഉണ്ട്. കാർത്തിക് സുബ്ബരാജിൻറെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്നാണ് ചിത്രത്തെക്കുറിച്ച് ഉയരുന്ന അഭിപ്രായം.
© Copyright 2023. All Rights Reserved