യു.എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിയേറ്റ വേദിയിൽ വീണ്ടുമെത്തി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപ്. പെൻസൽവേനിയയിലെ ബട്ലറിലെ ഫാം ഷോ മൈതാനിയിലാണ് വീണ്ടും വൻ പ്രചാരണ റാലി സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം അവശേഷിക്കെയാണ് രാജ്യത്തിൻ്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റാനുള്ള ശ്രമം.
-------------------aud--------------------------------
വൈസ് പ്രസിഡന്റ്റ് സ്ഥാനാർഥി ജെ.ഡി. വാൻസും ശതകോടിശ്വരനും വ്യവസായിയുമായ ഇലോൺ മസം അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ജൂലൈ 13ന് നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട അഗ്നിരക്ഷ സേന അംഗം കോറി കോംപറേറ്ററുടെ കുടുംബവും പരിപാടിക്കെത്തിയിരുന്നു. വെടിവെപ്പ് നടന്ന 6.11ന് ഒരു മിനിറ്റ് നിശ്ശബ്ദത പാലിച്ച് ദുഃഖാചരണം നടത്തുകയും ചെയ്‌തു. തന്നെയും അമേരിക്കയെ വീണ്ടും മഹത്തരമാക്കുക (എം.എ.ജി.എ) എന്ന മുന്നേറ്റത്തെയും നിശ്ശബ്ദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 12 ആഴ്ചകൾക്കു മുമ്പ് ഈ വേദിയിൽ വധശ്രമം നടന്നതെന്ന് പ്രഭാഷണത്തിൽ ട്രംപ് പറഞ്ഞു. മുമ്പത്തേക്കാളും ശക്തവും അഭിമാനവും ഐക്യവും കൂടുതൽ ദൃഢനിശ്ചയവും വിജയത്തോട് അടുത്തും നിൽക്കുന്നു എന്നും അനുയായികളെ കാണിക്കാനാണ് വീണ്ടും ഈ വേദിയിലേക്ക് തിരിച്ചുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പതിനായിരക്കണക്കിന് പേർ പങ്കെടുത്ത പ്രചാരണ പരിപാടി കനത്ത സുരക്ഷയിലാണ് സംഘടിപ്പിച്ചത്. സുരക്ഷ സേനയായ സീക്രട്ട് സർവിസ് സംഘത്തിൻ്റെ നേതൃത്വത്തിൽ സാധാരണ വേഷത്തിൽ ക്രൂക്ക്സ് വെടിയുതിർത്ത കെട്ടിടത്തിൻ്റെ മേൽക്കൂരയിലടക്കം വിവിധ സ്ഥലങ്ങളിൽ നിലയുറപ്പിച്ചിരുന്നു. ഈ കെട്ടിടം ട്രാക്ടർ ട്രെയിലറുകളും വേലിയും ഉപയോഗിച്ച് പൂർണമായും മറച്ചിരുന്നു. അമേരിക്കയുടെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ട്രംപ് തെരഞ്ഞെടുപ്പിൽ ജയിക്കണമെന്ന് പരിപാടിയിൽ പങ്കെടുത്ത വ്യവസായി ഇലോൺ മസ്‌ക് ആവശ്യപ്പെട്ടു. ഉറപ്പായും വിജയിക്കേണ്ട സാഹചര്യമാണിത്. അതുകൊണ്ട് വോട്ട് ചെയ്യാൻ എല്ലാവരോടും ആവശ്യപ്പെടുക. അവർ വോട്ടു ചെയ്തില്ലെങ്കിൽ ഇതായിരിക്കും അവസാന തെരഞ്ഞെടുപ്പെന്നും മസ്‌ക് മുന്നറിയിപ്പ് നൽകി.
© Copyright 2025. All Rights Reserved