ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റികളിൽ ഫീസ് വർധിപ്പിച്ച സർക്കാരിന്റെ നടപടികളിൽ പ്രചോദനം ഉൾക്കൊണ്ട് വെയിൽസ് സർക്കാർ ഒരു വർഷത്തിനുള്ളിൽ രണ്ടാമതും യൂണിവേഴ്സിറ്റി ട്യൂഷൻ ഫീസ് കൂട്ടുന്നു.
-------------------aud--------------------------------
2025 സെപ്റ്റംബർ മുതൽ വെയിൽസിലെ യൂണിവേഴ്സിറ്റികളിൽ ട്യൂഷൻ ഫീസ്, ഏകദേശം 300 പൗണ്ട് വർധിച്ച് 9,535 പൗണ്ടിലെത്തും. ഏറെ ക്ലേശകരമായ ഒരു തീരുമാനമാണിതെന്നും എന്നാൽ, ഒഴിവാക്കാൻ പറ്റാത്തതാണെന്നും വെയിൽസ്, തുടർ- ഉന്നത വിദ്യാഭ്യാസ മന്ത്രി വിക്കി ഹോവെൽസ് പറഞ്ഞു.
യൂണിവേഴ്സിറ്റികളിൽ മുൻകൂറായി അടയ്ക്കേണ്ട തുകയിൽ ഈ നിയമം വഴി വർധനവ് ഉണ്ടാവുകയില്ലെന്നും അവർ പറഞ്ഞു. അതുപോലെ ബിരുദത്തിനു ശേഷമുള്ള പ്രതിമാസ തിരിച്ചടവുകളും വർദ്ധിക്കില്ല. അണ്ടർ ഗ്രാജ്വേറ്റുകൾക്കുള്ള മെയിന്റനൻസ് സപ്പോർട്ടിൽ ഒരു 1.6 ശതമാനത്തിന്റെ വർദ്ധനവും പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ്ഗ്രാജ്വേറ്റ് പഠനങ്ങൾക്കുള്ള പരമാവധി സഹായവും 1.6 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. ആശ്രിതരുള്ള വിദ്യാർത്ഥികൾക്കും, അതുപോലെ ഭിന്നശേഷിയുള്ളവർക്കുമുള്ള ഗ്രാന്റിലും സമാനമായ വർദ്ധനവ് വരുത്തിയിട്ടുണ്ട്.
കടുത്ത മത്സരം ഉയരുന്ന സാഹചര്യത്തിൽ വെയിൽസിലെ ഉന്നത വിദ്യാഭ്യാസ രംഗം യു കെയിലെ മറ്റ് അംഗരാജ്യങ്ങളിലേതിനോട് കിടപിടിക്കുന്നതാക്കുവാൻ ഫീസ് വർദ്ധനവ് അനിവാര്യമാണെന്നാണ് ഹോവെൽസ് പറയുന്നത്. ഈ ചെറിയ വർദ്ധനവ് ആരെയും വെയിൽസിൽ പഠനം നടത്തുന്നതിൽ നിന്നും പിന്തിരിപ്പിക്കില്ലെന്ന് ഉറപ്പുണ്ടെന്നും അവർ പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തെ സഹായിക്കുന്നതിനായി 20 മില്യൻ പൗണ്ടിന്റെ അധിക ധനസഹായം ഉണ്ടാകുമെന്നും അവർ പറഞ്ഞു.
© Copyright 2024. All Rights Reserved