ബ്രിട്ടനിലെ പ്രമുഖ നാല് മോട്ടോർവേകളിൽ സ്‌പീഡ് ലിമിറ്റുകൾ പുതുക്കിയ വാർത്ത പലരും ഇതുവരെ അറിഞ്ഞിട്ടില്ല. മണിക്കൂറിൽ 60 മൈൽ എന്ന രീതിയിലേക്കാണ് ഇപ്പോൾ സ്പീഡ് ലിമിറ്റ് ചെയ്തിരിക്കുന്നത്. ബ്രിട്ടനിലെ റോഡുകൾ സുരക്ഷിതമാക്കുവാനും, അപകടങ്ങൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള പരീക്ഷണത്തിൻ്റെ ഭാഗമാണ് ഈ പുതിയ മാറ്റങ്ങൾ. ഇതോടൊപ്പം തന്നെ ഷെഫീൽഡിനും റോതർഹാമിനും സമീപം ജംഗ്ഷൻ 33 നും 34 നും ഇടയിൽ M1 ന്റെ വടക്കുഭാഗത്തായി ഒരു ക്യാമറ പുതിയതായി സ്ഥാപിച്ചിട്ടുമുണ്ട്. ഇതിൽ നിന്നും മാത്രം പ്രതിദിനം 8000 പൗണ്ടാണ് ഫൈനായി സർക്കാരിന് ലഭിച്ചത്. സൗത്ത് യോർക്ക്ഷെയർ പോലീസിന്റെ കണക്കുകൾ പ്രകാരം, M1 ൻ്റെ 2.6 മൈൽ വരുന്ന ചെറിയ ഭാഗത്ത് മാത്രം അമിതവേഗതയിൽ വാഹനം ഓടിച്ചതിന് 22,000-ത്തിലധികം ഡ്രൈവർമാർക്കാണ് പിഴലഭിച്ചതെന്ന് വ്യക്തമാക്കുന്നു. M1 ൽ മാത്രമല്ല, മറിച്ച് M5, M6, M602 എന്നിവിടങ്ങളിൽ എല്ലാം തന്നെ 60 മൈലായി കുറച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വേഗത കുറച്ചുള്ള ഡ്രൈവിംഗ് കൂടുതൽ മാലിന്യങ്ങൾ തള്ളുന്നത് ഒഴിവാക്കാൻ സാധിക്കുമെന്ന ചിന്തയും ഇതിന് പിന്നിലുണ്ട്.
തങ്ങൾ ശേഖരിച്ച വൻതോതിലുള്ള ഡേറ്റയുടെ വിശകലനം നടന്നുവരികയാണെന്നും അന്തിമ റിപ്പോർട്ട് ഉടൻതന്നെ പുറത്തിറക്കുമെന്നും നാഷണൽ ഹൈവേസ് ഡയറക്‌ടർ ഓഫ് എൻവയോൺമെന്റൽ സസ്റ്റൈനബിലിറ്റി സ്റ്റീഫൻ എൽഡർകിൻ പറഞ്ഞു. ഇത്തരം ഫൈനുകളിൽ നിന്ന് ലഭിക്കുന്ന തുക സർക്കാരിന്റെ കൺസോളിഡേറ്റഡ് ഫണ്ടിലേക്കാണ് പോകുന്നത്. റോഡിലൂടെ അമിതവേഗത്തിൽ വാഹനം ഓടിക്കുന്നത് അപകടങ്ങൾക്ക് ഇടയാകുമെന്നും, അതിനാൽ ഇത്തരം ഫൈനുകൾ അത്തരത്തിലുള്ള അപകടങ്ങൾ കുറയ്ക്കും എന്നും ഗവൺമെന്റ് വക്താവ് വ്യക്തമാക്കി. ഏകദേശം 900 മില്യൻ പൗണ്ടോളം റോഡുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി സർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
© Copyright 2023. All Rights Reserved