ഗൂഢാലോചന സിദ്ധാന്തക്കാർക്കിടയിൽ ഒരു ആരാധനാ മൂർത്തിയായിരുന്നു ബാൾക്കൻ നോസ്ട്രഡാമസ് എന്ന് അറിയപ്പെട്ടിരുന്ന ബാബ വെംഗ. പിന്നീട് യാഥാർത്ഥ്യമായി തീർന്ന തന്റെ ചില പ്രവചനങ്ങളിലൂടെ ബൾഗേറിയൻ പ്രവാചക എന്ന് കൂടി വിളിക്കപ്പെട്ടിരുന്ന അവർ 1996 -ൽ മരണമടയുമ്പോൾ 85 വയസ്സ് ആയിരുന്നു പ്രായം. മരിക്കുന്നതിന് മുൻപായി, 5079 വരെയുള്ള ഓരോ വർഷത്തെക്കുറിച്ചും ചില പ്രവചനങ്ങൾ അവർ അവശേഷിപ്പിച്ചിരുന്നു.
ബാബ വെംഗ ആ പ്രവചനങ്ങളിൽ 2024 -ന് ആയി സൂക്ഷിച്ചു വെച്ചിരിക്കുന്നത് ഇരുണ്ട ദിനങ്ങളാണ്. യൂറോപ്പിൽ വ്യാപകമായി തീവ്രവാദ ആക്രമണം ഉണ്ടാകുമെന്ന് അവർ പറയുന്നു. ശാരീരികമായ ആക്രമണങ്ങൾക്കൊപ്പം അതിഭയങ്കരമായ സാമ്പത്തിക പ്രതിസന്ധിയും അഭിമുഖീകരിക്കേണ്ടതായി വരും. ഇതിനെല്ലാം പുറമെ റഷ്യൻ പ്രസിഡണ്ട് പുടിന് നേരെ ഒരു കൊലപാതക ശ്രമവും ഉണ്ടാകും എന്നും അവർ പറയുന്നു.
ഈ പ്രവചനങ്ങൾ ഇപ്പോൾ പുറത്തു കൊണ്ടുവന്ന സ്‌കൈ ഹിസ്റ്ററി പറയുന്നത് 2024-ൽ ആശാവഹും, സന്തോഷം പകരുന്നതുമായ ഒരേയൊരു കാര്യം വൈദ്യശാസ്ത്ര രംഗത്ത് കൈവരിക്കാൻ പോകുന്ന വൻ പുരോഗതി മാത്രമായിരിക്കും എന്നാണ്. എന്നാൽ, ഈ ബാബയുടെ എത്ര പ്രവചനങ്ങൾ ഇതിന് മുൻപ് യാഥാർത്ഥ്യമായി എന്നത് പരിശോധിക്കേണ്ട കാര്യമാണ്.
ഉയരുന്ന താപനില കാരണം 2022-ൽ പല വൻനഗരങ്ങളിലും വർൾച്ച ഉണ്ടാകും എന്ന് അവർ പ്രവചിച്ചിരുന്നു. അത് യാഥാർത്ഥ്യമാവുകയും ചെയ്തു. ഇംഗ്ലണ്ടിലെ 1935 ന് ശേഷം കണ്ട ഏറ്റവും കടുത്ത വരൾച്ചയായിരുന്നു കഴിഞ്ഞ വർഷം കണ്ടത്. കടുത്ത വരൾച്ചയും, മഴയിലുണ്ടായ കുറവും കാരണം ബ്രിട്ടന്റെ പല ജലാശങ്ങളും അപ്രത്യക്ഷമായിരിക്കുകയാണ്. ഇറ്റലി, ഫ്രാൻസ്, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ സാഹചര്യങ്ങൾ ഉണ്ടായി. ആസ്‌ട്രേലിയയിൽ, കടുത്ത വരൾച്ച മൂലം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടതായി തന്നെ വന്നു.
എന്നാൽ, ബാബ വെംഗയെ പ്രശസ്തയാക്കിയത് 9/11 നെ കുറിച്ചുള്ള പ്രവചനമായിരുന്നു. ഉരുക്കു പക്ഷികളുടെ ആക്രമണത്ത്ൽ അമേരിക്കക്കാർ അടിപതറിവീഴും എന്നായിരുന്നു 1989-ൽ അവർ പ്രവചിച്ചത്. കുറ്റിക്കാടുകളിൽ ചെന്നായ്ക്കൾ ഓരിയിടും, നിഷ്‌കളങ്കരുടെ രക്തം വാർന്നൊഴുകും എന്നും അവർ കൂട്ടിച്ചേർത്തിരുന്നു. തട്ടിയെടുത്ത നാല് വിമാനങ്ങൾ അമേരിക്കയിൽ ഭീകരാക്രമണം നടത്തിയപ്പോൾ നഷ്ടമായത് 3000 ഓളം നിരപരാധികളുടെ ജീവനായിരുന്നു എന്നതോർക്കുക. ഉരുക്കു പക്ഷികൾ എന്ന് ബാബ വിശേഷിപ്പിച്ചത് വിമാനങ്ങളെയായിരുന്നു എന്ന് അവരുടെ ആരാധകർ പറയുന്നു.
കോവിഡിന്റെ വരവ് ഇവർ 1966 -ൽ അവർ പ്രഖ്യാപിച്ചിരുന്നു. ഇവരെ സന്ദർശിച്ചിരുന്നു എന്ന് അവകാശപ്പെടുന്ന സ്റ്റെഫനോവ റോബെവ എന്ന 73 കാരി അവകാശപ്പെടുന്നത് ബാബ വെംഗ മരണമടയുന്നതിന് മുൻപ് അവരുടെ പ്രവചനങ്ങൾ തനിക്ക് കൈമാറിയിരുന്നു എന്നാണ്. എന്നാൽ, അതിലെ പല വാക്കുകളുടേയും അർത്ഥം മനസ്സിലാക്കാൻ തനിക്ക് കഴിഞ്ഞിരുന്നില്ല എന്നും അവർ പറഞ്ഞതായി ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.
തന്റെ മരണം പോലും ബാബ കൃത്യമായി പ്രവചിച്ചിരുന്നു എന്നാണ് അവരുടെ ആരാധകർ അവകാശപ്പെടുന്നത്.. 1996 ആഗസ്റ്റ് 11 ന് തന്റെ 85-ാം വയസ്സിൽ താൻ മരിക്കുമെന്ന് അവർ കൃത്യമായി പ്രവചിച്ചിരുന്നത്രെ. ഇത് യാഥാർത്ഥ്യമായതോടെ, ബ്രസ്റ്റ് കാൻസർ മൂലം മരണമടഞ്ഞ ഇവരുടെ ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ആയിരങ്ങളായിരുന്നു എത്തിച്ചേർന്നത്. 2004-ൽ ക്രിസ്ത്മസ്സ് പിറ്റേന്ന് ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലാൻഡ് തുടങ്ങി നിരവധി രാജ്യങ്ങളിൽ നാശം വിതച്ച സുനാമിയെക്കുറിച്ചും ഇവർ കൃത്യമായി പ്രവചിച്ചിരുന്നത്രെ.
റഷ്യൻ നാവിക സേനക്ക് സംഭവിച്ച ഗുരുതരമായ ദുരന്തങ്ങളിൽ ഒന്നായിരുന്നു 2000- ലെ കുർസ്‌ക് അന്തർവാഹിനി ദുരന്തം. കുർസ്‌കിനെ ജലം വന്ന് പൊതിയും എന്ന് ബാബ പ്രവചിച്ച് 12 മാസങ്ങൾ കഴിഞ്ഞപ്പോഴായിരുന്നത്രെ അത് മുങ്ങിയത്. അന്തർവാഹിനിയിൽ ഉണ്ടായ ഒരു സ്‌ഫോടനത്തെ തുടർന്ന് അത് ആഴങ്ങളിലേക്ക് പോവുകയായിരുന്നു. 118 മരണങ്ങളായിരുന്നു അന്ന് സംഭവിച്ചത്. മുങ്ങൽ വിദഗ്ധർ എട്ട് ദിവസങ്ങൾ കഴിഞ്ഞാണ് സംഭവസ്ഥലത്ത് എത്തുന്നത്. അപ്പോഴേക്കും മുങ്ങിക്കപ്പൽ 350 അടി ആഴത്തിൽ എത്തിയിരുന്നു.
ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകം ഇവർ 1969-ൽ പ്രവചിച്ചിരുന്നു. ഒരു ഓറഞ്ച് കലർന്ന മഞ്ഞ നിറമുള്ള വസ്ത്രം തീയിനും പുകയ്ക്കുമിടയിൽ ഞാൻ കാണുന്നു എന്നായിരുന്നു ഇവർ എഴുതിയത്. 1984 ഒക്‌ടോബർ 31 ന് ഇന്ദിരാഗാന്ധി, തന്റെ അംഗരക്ഷകരാൽ കൊല്ലപ്പെടുമ്പോൾ ധരിച്ചിരുന്നത് കവി നിറമുള്ള സാരിയായിരുന്നു. പൂർണ്ണമായും യാഥാർത്ഥ്യമായില്ലെങ്കിൽ കൂടി, ഭാഗികമായി ശരിയായ രണ്ട് പ്രവചനങ്ങളായിരുന്നു ഒബാമയുടെയും ട്രംപിന്റെയും അധികാരമേറൽ. അമേരിക്കയുടെ 44-ാം പ്രസിഡണ്ട് കറുത്തവംശജൻ ആയിരിക്കുമെന്ന് അവർ പറഞ്ഞത് ശരിയായെങ്കിലും, അത് അമേരിക്കയുടെ അവസാനത്തെ പ്രസിഡണ്ടായിരിക്കും എന്ന് പറഞ്ഞത് യാഥാർത്ഥ്യമായില്ല.
തന്റെ തന്നെ പ്രവചനത്തിന് വിരുദ്ധമായി അമേരിക്കയുടെ 45-ാം പ്രസിഡണ്ട് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരുമെന്ന് അവർ പറഞ്ഞിരുന്നു. അത് രാജ്യത്തെ നശിപ്പിക്കുമെന്നും അവർ പറഞ്ഞു. ട്രംപ് അഭിമുഖീകരിച്ച പ്രശ്‌നങ്ങളുമായി ഇതിനെ കൂട്ടി വായിയ്ക്കാവുന്നതണ്. എന്നാൽ, അമേരിക്ക ഈ വെല്ലുവിളികളെ നേരിട്ടു എന്നതായിരുന്നു യാഥാർത്ഥ്യം. ട്രംപിന് മാരക രോഗം വരുമെന്ന പ്രവചനം പക്ഷെ കോവിഡ് ബാധിച്ചതോടെ യാഥാർത്ഥ്യമായി.
യുക്രെയിനിലെ 1986 ൽ നടന്ന ചെർണോബിൽ ആണവ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം എന്നിവയും അവർ പ്രവചിച്ചിരുന്നു. അതേസമയം, 2023- ആകുമ്പോഴേക്കും സ്വാഭാവിക പ്രസവങ്ങൾ നിലയ്ക്കും എന്ന പ്രവചന്വും, ഭൂമിയുടെ ഭ്രമണപഥം മാറും എന്നതും, സർവ്വനാശകാരിയായ സൗരക്കാറ്റ് വീശുമെന്നതും ഒന്നും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. അതുപോലെ 2017- ആകുമ്പോഴേക്കും യൂറോപ്പ് മനുഷ്യാവാസമില്ലാത്ത പാഴ് ഭൂമിയായി മാറുമെന്ന പ്രവചനവും തെറ്റി.
© Copyright 2023. All Rights Reserved