മലയാളി വൈദികനായ കർദിനാൾ കൂവക്കാടിന് പുതിയ നിയോഗം നൽകി ഫ്രാൻസിസ് മാർപാപ്പ.വിവിധ മതങ്ങൾ തമ്മിലുള്ള സംവാദത്തിനുള്ള സംഘത്തിൻറെ തലവനാക്കിയാണ് വത്തിക്കാൻ നിയമന അറിയിപ്പ് പുറത്തിറക്കിയത്. സഭയുടെ മതാന്തര സംഭാഷണ ഡിക്കസ്റ്ററിയിൽ പ്രീഫെക്ട് സ്ഥാനമാണ് നൽകിയിരിക്കുന്നത്.
--------------------------------
രണ്ടാം വത്തിക്കാൻ കൗൺസിലിൽ രൂപീകരിച്ച സംഘം ആണിത്. ഫ്രാൻസിസ് മാർപാപ്പയുടെതാണു തീരുമാനം. നവംബറിൽ അന്തരിച്ച കർദിനാൾ അയൂസോയ്ക്ക് പകരമായാണ് നിയമനം. ഇസ്ലാമിക വിഷയങ്ങളിൽ പണ്ഡിതൻ ആയിരുന്ന കർദിനാൾ ആയൂസോ ഗിഷോടിൻറെ പകരക്കാരനായി എത്തുമ്പോൾ കൂവക്കാടിൻറെ അംഗീകാരവും വർധിക്കുകയാണ്. ക്രിസ്ത്യാനികൾ ന്യൂനപക്ഷം ആയ രാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങൾ വിജയകരമായി ക്രമീകരിച്ചതാണ് കൂവക്കാടിൻറെ നിയമനത്തിൽ നിർണായകമായത്. വിവിധ മതങ്ങൾക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിനും, സമാധാനത്തിനായുള്ള സംഭാഷണങ്ങൾ ത്വരിതപ്പെടുത്തുന്നതിനും പ്രവർത്തിക്കുന്ന വത്തിക്കാനിലെ മതാന്തര സംഭാഷണ ഡിക്കസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി കർദ്ദിനാൾ ജോർജ് കൂവക്കാടിനെ ഫ്രാൻസിസ് മാർപാപ്പാ നിയമിച്ചു. അതേസമയം മാർപാപ്പായുടെ വിദേശ യാത്രയുടെ ചുമതലകൾ അദ്ദേഹം തുടർന്നും നിർവ്വഹിക്കും. ഇക്കഴിഞ്ഞ ഒക്ടോബർ 6 നാണ് സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ കർദിനാളായി ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്. ഡിസംബർ 8 നായിരുന്നു സ്ഥാനാരോഹണം. ചങ്ങനാശേരി മാമ്മൂട് ലൂർദ് മാതാ പളളി ഇടവകാംഗമാണ് മോൺസിഞ്ഞോർ ജോർജ് കൂവക്കാട്. കർദിനാൾ ജോർജ് ആലഞ്ചേരിക്കും കർദിനാൾ ബസേലിയോസ് ക്ലീമിസിനും പിന്നാലെയാണ് ഒരു മലയാളി കൂടി കത്തോലിക്കാ സഭയുടെ ഉന്നത പദവിയെത്തിയത്. സിറോ മലബാർ സഭയുടെ ചങ്ങനാശേരി അതിരൂപതംഗമായ കൂവക്കാട് 2006 മുതൽ വത്തിക്കാനിലാണ് സേവനം ചെയ്യുന്നത്.
ഇന്ത്യൻ സഭാചരിത്രത്തിലാദ്യമായിട്ടായിരുന്നു വൈദികരിൽ നിന്നും ഒരാളെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തിയത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഡിസംബർ 8 ന് നടന്ന ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പയാണ് മുഖ്യ കാർമികത്വം വഹിച്ചത്. പൗരോഹിത്യത്തിൻറെ 20 -ാം വർഷത്തിലായിരുന്നു മാർ ജോർജ് ജേക്കബ് കൂവക്കാട് ഉന്നത പദവിയിലേക്ക് ഉയർത്തപ്പെട്ടത്. കർദിനാളായുള്ള കൂവക്കാടിൻറെ സ്ഥാനാരോഹണം ഇന്ത്യയ്ക്ക് അഭിമാന മുഹൂർത്തമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ അന്ന് പറഞ‌്ഞത്. ഫ്രാൻസിസ് മാർപാപ്പയ്ക്കൊപ്പമുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിൻറെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സ്ഥാനാരോഹണ ചടങ്ങിനെക്കുറിച്ച് അന്ന് പ്രധാനമന്ത്രി എക്സിൽ കുറിപ്പിട്ടത്.
© Copyright 2024. All Rights Reserved