വ്യാജ കേസുകൾ ഉണ്ടാക്കി ഡൽഹി മുഖ്യമന്ത്രി അതിഷിയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജരിവാൾ. ഇതുസംബന്ധിച്ച് ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികൾക്ക് ബിജെപി നിർദേശം നൽകിയിട്ടുണ്ട്. എഎപിയുടെ മുതിർന്ന നേതാക്കളുടെ വീടുകളിൽ ഉടൻ റെയ്ഡ് നടന്നേക്കുമെന്നും അരവിന്ദ് കെജരിവാൾ പറഞ്ഞു.
-------------------aud--------------------------------
ഡൽഹിയിലെ എഎപി സർക്കാർ പ്രഖ്യാപിച്ച മഹിള സമ്മാൻ യോജന, സഞ്ജീവനി യോജന എന്നിവയിൽ വിറളിപൂണ്ടവരാണ് ഈ നീക്കത്തിന് പിന്നിൽ. എഎപിയുടെ ജനകീയ അജണ്ടകളെ തകർക്കാനാണ് ഇക്കൂട്ടർ ലക്ഷ്യമിടുന്നത്. അടുത്ത ദിവസങ്ങളിൽ കെട്ടിച്ചമച്ച കേസിൽ മുഖ്യമന്ത്രി അതിഷിയെ അറസ്റ്റ് ചെയ്യാനാണ് ഇവർ പദ്ധതിയിട്ടിരിക്കുന്നതെന്നും കെജരിവാൾ ആരോപിച്ചു. ലെഫ്റ്റനന്റ് ഗവർണറെ ഉപയോഗിച്ച് ഡൽഹി സർക്കാരിന്റെ പ്രവർത്തനങ്ങൾ ബിജെപി തടഞ്ഞുകൊണ്ടിരുന്നു. ഗൂഢാലോചനകളെല്ലാം പരാജയപ്പെട്ടപ്പോൾ, അവർ ഉന്നത എഎപി നേതാക്കളെയും മന്ത്രിമാരെയും ജയിലിലേക്ക് അയയ്ക്കാൻ തുടങ്ങി. എന്നാൽ ഡൽഹി സർക്കാർ പ്രവർത്തിച്ചുകൊണ്ടിരുന്നു. ബിജെപി ഇപ്പോൾ ചരിത്രപരമായ പരാജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും കെജരിവാൾ പറഞ്ഞു. മഹാരാഷ്ട്രയിലെ ലാഡ്‌ലി ബെഹൻ യോജന പദ്ധതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് എഎപി സർക്കാർ മഹിളാ സമ്മാൻ യോജന പദ്ധതി പ്രഖ്യാപിച്ചത്. അർഹരായ സ്ത്രീകൾക്ക് 1000 രൂപ നൽകുന്നതാണ് പദ്ധതി. വീണ്ടും അധികാരത്തിൽ വന്നാൽ ഈ തുക 2100 ആയി വർധിപ്പിക്കുമെന്ന് കെജരിവാൾ പ്രസ്താവിച്ചിരുന്നു. ഡൽഹിയിൽ അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
© Copyright 2024. All Rights Reserved