ഏത് താരത്തിൻറെ ആരാധകർക്കും തിയറ്ററിൽ റീവാച്ച് ചെയ്യാൻ താൽപര്യമുള്ള ചില സിനിമകളുണ്ട്. ഏതെങ്കിലുമൊക്കെ തരത്തിൽ അവരുടെ സവിശേഷ പ്രിയം നേടിയ ചിത്രങ്ങളായിരിക്കും അത്. തമിഴ് താരം സൂര്യയുടെ ആരാധകരെ സംബന്ധിച്ച് എപ്പോൾ തിയറ്ററുകളിൽ റീ റിലീസ് ചെയ്യപ്പെട്ടാലും ഉറപ്പായും ഹൗസ്‍ഫുൾ ആവുന്ന ഒരു ചിത്രമുണ്ട്. ഗൗതം വസുദേവ് മേനോൻറെ സംവിധാനത്തിൽ 2008 ൽ പുറത്തിറങ്ങിയ വാരണം ആയിരം ആണ് അത്. പല ഇടങ്ങളിൽ പല സമയത്തായി റീ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. അപ്പോഴൊക്കെയും തിയറ്ററുകൾ നിറച്ച് സിനിമാപ്രേമികൾ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ കർണാടകത്തിലെ റീ റിലീസിലും ചിത്രം തരംഗം തീർക്കുകയാണ്. ചിത്രത്തിൻറെ തമിഴ് പതിപ്പാണ് 4 കെ ദൃശ്യമികവോടെ കർണാടകത്തിൽ പ്രദർശനത്തിനെത്തിയത്. 450 ൽ അധികം ഷോകളാണ് ചിത്രം ഇതിനകം അവിടെ പൂർത്തിയാക്കിയിരിക്കുന്നത്. അതിൽ നിന്നുള്ള ബോക്സ് ഓഫീസ് നേട്ടം ഒരു കോടിയിൽ അധികവും. കർണാടകത്തിൽ ഒരു കന്നഡ- ഇതര ചിത്രത്തിന് റീ റിലീസിൽ ലഭിക്കുന്ന റെക്കോർഡ് കളക്ഷനാണ് ഇത്. ബാഷയുടെ റീ റിലീസ് റെക്കോർഡ് ആണ് വാരണം ആയിരം തകർത്തത്. റീ റിലീസിൽ കർണാടകത്തിൽ നിന്ന് ബാഷ നേടിയത് 48 ലക്ഷം ആയിരുന്നു. വിജയ് നായകനായ ഖുഷി 40 ലക്ഷവും.
അതേസമയം വാരണം ആയിരത്തിൻറെ റീ റിലീസ് ബോക്സ് ഓഫീസ് ഇവിടെ കൊണ്ടും അവസാനിച്ചിട്ടില്ല. 30 ൽ അധികം ഷോകൾ ഇപ്പോഴും കളിക്കുന്നുണ്ട്. അവയ്ക്ക് ഭേദപ്പെട്ട ഒക്കുപ്പൻസിയിൽ പ്രേക്ഷകരും എത്തുന്നുണ്ട്. റിലീസ് സമയത്ത് മികച്ച ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രത്തിന് ആ വർഷത്തെ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചിരുന്നു.
© Copyright 2023. All Rights Reserved