വിളകൾക്ക് മിനിമം താങ്ങുവിലയടക്കം ആവശ്യപ്പെട്ട് പഞ്ചാബ് –-ഹരിയാന അതിർത്തിയായ ശംഭുവിൽ സമരം ചെയ്യുന്ന കർഷകർ പുനരാരംഭിച്ച ഡൽഹി ചലോ മാർച്ചിന് നേരെ കണ്ണീർവാതകവും റബർ ബുള്ളറ്റും പ്രയോഗിച്ച് ഹരിയാനയിലെ ബിജെപി സർക്കാർ. ബികെയു (ക്രാന്തികാരി) പ്രസിഡന്റ് സുർജീത് സിങ് ഫുൽ അടക്കം നിരവധി പേർക്ക് പരിക്കേറ്റു. അംബാലയിലെ 11 ഗ്രാമത്തിൽ മൊബൈൽ ഇന്റർനെറ്റും ബൾക്ക് എസ്എംഎസ് സേവനങ്ങളും തിങ്കളാഴ്ച വരെ സർക്കാർ വിലക്കി.
-------------------aud--------------------------------
101 കർഷകർ വെള്ളി രാവിലെ സമാധാനപരമായി ആരംഭിച്ച കാൽനട മാർച്ചിന് നേരെയാണ് പൊലീസ് അതിക്രമം. ട്രാക്‌ടറുകളിലല്ലാതെ വരുന്ന കർഷകരെ തടയരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് സർക്കാർ നേരിട്ടത്. മാർച്ച് തടയാൻ ഏഴ് നിര വേലികളാണ് പൊലീസ് ഒരുക്കിയത്. ആദ്യത്ത ബാരിക്കേഡ് കർഷകർ മറികടന്നതിന് തൊട്ടുപിന്നാലെ കണ്ണീർവാതകം പ്രയോഗിച്ചു. 26 റൗണ്ട് കണ്ണീർവാതകം പ്രയോഗിച്ചെന്നാണ് റിപ്പോർട്ട്. റബ്ബർ ബുള്ളറ്റ് പ്രയോഗത്തിൽ നിരവധി കർഷകർക്ക് പരിക്കേറ്റതോടെ മാർച്ച് നിർത്തിവച്ചു. ശനിയാഴ്‌ച വീണ്ടും പുനരാരംഭിക്കുമെന്ന് കർഷകനേതാവ് സർവാൻ സിങ് പാന്ഥർ വ്യക്തമാക്കി. എസ്‌കെഎം (രാഷ്‌ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച സംഘടനകളുടെ നേതൃത്വത്തിൽ പഞ്ചാബിൽ നിന്ന് തുടങ്ങിയ ഡൽഹി ചലോ മാർച്ച് ഹരിയാന സർക്കാർ തടഞ്ഞതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ ശംഭു അതിർത്തിയിൽ കർഷകർ ക്യാമ്പ് ചെയ്യുകയാണ്. മിനിമം താങ്ങുവിലയ്‌ക്ക് നിയമപ്രാബല്യം, കടാശ്വാസം, വിള ഇൻഷുറൻസ് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്.
© Copyright 2024. All Rights Reserved