സിപിഎം പ്രവർത്തകർ നിയമം കയ്യിലെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിക്ക് എസ്കോർട്ട് പോകുന്നത് ക്രിമിനലുകളാണെന്നും അയ്യപ്പഭക്‌തരെപ്പോലും കറുത്ത വസ്ത്രത്തിന്റെ പേരിൽ കരുതൽ തടങ്കലിലാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം നവകേരള സദസ്സിൽ പങ്കെടുക്കാനുള്ള യാത്രാമധ്യേ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ വീണ്ടും ഡിവൈഎഫ്ഐ ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
"രാജാവിനെക്കാൾ വലിയ രാജഭക്തി കാണിച്ചിട്ടാണ് കുറേ പൊലീസ് ഉദ്യോഗസ്‌ഥരും കുറേ ക്രിമിനലുകളും ഇറങ്ങി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായ വ്യാപകമായ ആക്രമണം അഴിച്ചുവിടുന്നത്. ഇദ്ദേഹമെന്താ രാജാവാണോ? രാജാവ് എഴുന്നള്ളുമ്പോൾ എല്ലാവരെയും കരുതൽ തടങ്കലിലാക്കാൻ കേരളത്തിൽ ഇതിനുമുൻപ് കേട്ടുകേൾവിയില്ലല്ലോ? വല്ലകാലത്തും ഒറ്റപ്പെട്ടു നടന്നിരുന്ന സംഭവമാണ്.
ഇന്നലെ ഫറോക്കിൽ ശബരിമലയ്ക്കു മാലയിട്ടിരിക്കുന്ന, ഇതിലൊന്നും പങ്കെടുക്കാത്ത ആളുകളെ അറസ്‌റ്റു ചെയ്തു. കറുത്ത വസ്ത്രം ധരിച്ചെന്നു പറഞ്ഞ്. ഇതു ശബരിമല സീസണാണ്. അതുകൊണ്ടു ശബരിമല ഭക്‌തർ വളരെ ശ്രദ്ധിക്കണം. മുഖ്യമന്ത്രി പോകുന്നതിനു മുൻപോ അല്ലെങ്കിൽ മുഖ്യമന്ത്രി ഉള്ള ദിവസമോ ജില്ലയിൽ വീടിനു പുറത്തിറങ്ങാതിരിക്കാൻ ശബരിമല ഭക്തർ പ്രത്യേകം ശ്രദ്ധിക്കണം. കാരണം കറുപ്പു നിറം കണ്ടാൽ അദ്ദേഹത്തിനു കലിപ്പാണ്. ശബരിമല ഭക്തനാണെന്ന് ഒന്നും വിചാരിക്കില്ല. കറുപ്പുകണ്ടാൽ വീണ്ടും കലിയിളകും മുഖ്യമന്ത്രിക്ക്. ജില്ലയിൽ പോകുന്ന സ്‌ഥലങ്ങളിലെല്ലാം എല്ലാവരെയും കരുതൽ തടങ്കലിലാക്കുകയാണ്. ഇതു ശരിയല്ല. ഇതു തെറ്റായ നടപടിയാണ്. ഇതിൽ നിന്നു പിന്മാറണം"- സതീശൻ പറഞ്ഞു.
© Copyright 2025. All Rights Reserved