ചാൻസിലർ ജറമി ഹണ്ട് അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പാക്കാനിരിക്കുന്ന ഓട്ടം സ്റ്റേറ്റ്മെന്റിൽ പിന്തുടർച്ചാവകാശ നികുതിയിലും ബിസിനസ് ടാക്സിലും ഇളവുകൾ അനുവദിച്ചേക്കുമെന്ന് സൂചന. ഇക്കാര്യത്തിൽ നയപരമായ തീരുമാനം ആയിട്ടില്ലെങ്കിലും സാമ്പത്തിക വിദഗ്ധരുടെ നിഗമനങ്ങളെ തള്ളാൻ കഴിഞ്ഞ ദിവസത്തെ പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ ചാൻസിലർ തയാറായില്ല.
അടുത്ത ബുധനാഴ്ച ഇൻഹെറിറ്റൻസ് ടാക്‌സ് പകുതിയാക്കിയും, ചെറുകിട ബിസിനസ്സുകൾക്കുള്ള ടാക്‌സ് വെട്ടിച്ചുരുക്കിയും നടപടി കൈക്കൊള്ളുമെന്നാണ് ടൈംസിന്റെ റിപ്പോർട്ട്. എന്നാൽ സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കാനുള്ള നടപടികൾ അടുത്ത സ്പ്രിംഗ് ബജറ്റ് വരെ നീട്ടിവെയ്ക്കുമെന്നാണ് സൂചന. പണപ്പെരുപ്പം വർദ്ധിപ്പിക്കാൻ ഇടയാകുമെന്നതാണ് ഇതിനുള്ള കാരണം.
ശരാശരി കുടുംബ വീടുകൾക്ക് പ്രതിവർഷം 120 പൗണ്ട് വരെ കൗൺസിൽ ടാക്‌സ് വർദ്ധിപ്പിക്കാനുള്ള നീക്കവും നീട്ടിവെയ്ക്കുമെന്നാണ് കരുതുന്നത്. ഏപ്രിൽ മുതൽ കൗൺസിലുകൾക്ക് 5% വർദ്ധന വരുത്താൻ ട്രഷറി അനുമതി നൽകിയേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. അതേസമയം നികുതി കുറയ്ക്കാൻ ഒരു ഭാഗത്ത് നടപടിയെടുത്താൽ മറുഭാഗത്ത് ബെനഫിറ്റുകളും കുറയ്ക്കുമെന്നാണ് വ്യക്തമാകുന്നത്.
പണപ്പെരുപ്പം കുറഞ്ഞത് ആശ്വാസമായെങ്കിലും കഴിഞ്ഞ മാസം യുകെ റീട്ടെയിൽ മേഖലയുടെ വിൽപ്പന കുറഞ്ഞത് തിരിച്ചടിയായി. കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്ന 2021 ഫെബ്രുവരിയിലെ നിലയിലേക്കാണ് കച്ചവടം കുറഞ്ഞത്. ഒക്ടോബറിൽ റീട്ടെയിൽ സെയിൽസ് മൂല്യം 0.3 ശതമാനം താഴ്ന്നതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറഞ്ഞു. ഇതോടെ സെപ്റ്റംബറിലെ വിൽപ്പന 0.9 ശതമാനത്തിൽ നിന്നും 1.1 ശതമാനത്തിലേക്ക് കുറയുമെന്ന് കണക്കുകൾ പറയുന്നു. ക്രിസ്മസ് സീസൺ അടുക്കുമ്പോഴും വിൽപ്പന വർദ്ധിക്കാത്തത് ജീവിതച്ചെലവുകളിലെ വർധന മൂലമാണ്.
© Copyright 2023. All Rights Reserved