ശുചിമുറിയിൽ യാത്രക്കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനാൽ വിമാനം അടിയന്തരമായി ലാന്റ് ചെയ്തു. ഇവിഎ എയർലെൻസിലാണ് സംഭവമുണ്ടായത്. യാത്രക്കാരന്റെ ആത്മഹത്യാ ശ്രമം ശ്രദ്ധയിൽ പെട്ടതിനാൽ ബാങ്കോക്കിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനമാണ് വഴിതിരിച്ചു വിട്ടത്. വിമാനം ഹീത്രൂ വിമാനത്താവളത്തിൽ അടിയന്തരമായി ലാന്റ് ചെയ്യിക്കുകയായിരുന്നു.
വിമാനത്തിലെ ശുചിമുറിയിൽ അസാധാരണ സാഹചര്യത്തിൽ നിൽക്കുന്ന യാത്രക്കാരനെ ക്യാബിൻ ക്രൂവിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിലായിരുന്നു യാത്രക്കാരമെന്ന് പിന്നീട് തിരിച്ചറിയുകയും ചെയ്തു. വിമാനത്തിലെ ജീവനക്കാരും ഡോക്ടറും ചേർന്ന് യാത്രക്കാരന് പ്രാഥമിക ശുശ്രൂഷയും നൽകി. തുടർന്നായിരുന്നു വിമാനത്തിന് അടിയന്തിര ലാൻ്റിംഗ് നിർദേശിച്ചത്. അതേസമയം, യാത്രക്കാരന്റെ പേരും വിവരങ്ങളും ഇതുവരേയും അധികൃതർ പുറത്ത് വിട്ടിട്ടില്ല.
പ്രാദേശിക സമയം വൈകുന്നേരം 7:30 ഓടെയാണ് വിമാനം ഹീത്രു വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. വിമാനത്താവളത്തിൽ ഡോക്ടർമാരുൾപ്പെടെയുള്ള മെഡിക്കൽ സംഘം ഇയാളെ ചികിത്സിക്കാൻ കാത്തു നിന്നിരുന്നു. അതേസമയം, യാത്രക്കാരന്റെ ആത്മഹത്യാശ്രമം ഇഎഎ എയർലൈൻസ് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിശദാംശങ്ങളൊന്നും നൽകുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.
© Copyright 2024. All Rights Reserved