യുകെയിൽ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനിടെ ആഘാതം കൂട്ടാൻ കൊടുങ്കാറ്റും മഴയും കൂടെ. ശനിയാഴ്ചയോടെ ബെർട്ട് കൊടുങ്കാറ്റ് തേടിയെത്തുന്നതോടെ അതിശക്തമായ മഴയും, 70 മൈൽ വേഗത്തിലുള്ള കാറ്റും, കനത്ത മഞ്ഞുമാണ് നേരിടേണ്ടതെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
-------------------aud--------------------------------
മഞ്ഞ്, ഐസ്, കാറ്റ്, മഴ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് നൽകിയിരിക്കുന്നത്. സ്‌കോട്ട്‌ലണ്ട്, വെയിൽസ്, നോർത്തേൺ സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബാധകമാണ്. കൂടാതെ നോർത്ത്, മിഡ്‌ലാൻഡ്‌സ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലും ഈ സാഹചര്യം നേരിടും.
വീക്കെൻഡിൽ നേരിടേണ്ടത് 15 ഇഞ്ച് വരെ മഞ്ഞുവീഴ്ചയെന്ന് മെറ്റ് ഓഫീസ് പറയുന്നു. ആർട്ടിക്കിൽ നിന്നുള്ള തണുപ്പ് രാജ്യത്തേക്ക് വീശിയടിക്കുന്ന ഘട്ടത്തിലാണ് മഞ്ഞുവീഴ്ച ശക്തമാകുന്നത്.
ഏറ്റവും ഗുരുതരമായ ആംബർ മുന്നറിയിപ്പ് 1 അടി 4 ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്കാണ് സാധ്യത. ശനിയാഴ്ച രാവിലെ 7 മുതൽ വൈകീട്ട് 5 വരെയാണ് നോർത്തേൺ സ്‌കോട്ട്‌ലണ്ടിൽ മുന്നറിയിപ്പുള്ളത്. പ്രാദേശിക സമൂഹങ്ങൾ ഒറ്റപ്പെടാനും, നടപ്പാതകൾ കടക്കാൻ ബുദ്ധിമുട്ടാകുകയും, റോഡുകളിൽ തടസ്സങ്ങൾ രൂപപ്പെട്ട് വാഹനങ്ങളും, യാത്രക്കാരും കുടുങ്ങാനും സാധ്യത നിലനിൽക്കുന്നതായി മുന്നറിയിപ്പ് വ്യക്തമാക്കുന്നു.
ശനിയാഴ്ച നോർത്ത് ഈസ്റ്റ് തീരത്ത് കാറ്റിനുള്ള മഞ്ഞ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. പവർകട്ടും, യാത്രാ തടസ്സങ്ങളും ഇതോടൊപ്പം പ്രതീക്ഷിക്കാം. ഇതിനിടെ വെയിൽസിലെ ഭൂരിഭാഗം പ്രദേശങ്ങളിലും, ഡിവോൺ, കോൺവാൾ എന്നിവിടങ്ങളിലുമായി ശനിയാഴ്ച രാവിലെ 6 മുതൽ ഞായറാഴ്ച രാവിലെ 6 വരെ 5 ഇഞ്ച് വരെ മഴയ്ക്കുള്ള മഞ്ഞ ജാഗ്രതയും നൽകിയിട്ടുണ്ട്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ വ്യാഴാഴ്ച അപ്രതീക്ഷിത മഞ്ഞുവീഴ്ച നേരിട്ടതിന് പിന്നാലെയാണ് കാലാവസ്ഥ കടുപ്പമാകുന്നത്. രണ്ട് ദശകത്തിനിടെ ഏറ്റവും വലിയ മഞ്ഞുവീഴ്ച രേഖപ്പെടുത്തി കോൺവാളിൽ 10 ഇഞ്ച് വരെ മഞ്ഞാണ് പെയ്തത്.
വെള്ളപ്പൊക്കം മൂലം ജീവന് അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശനിയാഴ്ച പുലർച്ചെ 4 മുതൽ ഞായറാഴ്ച രാവിലെ 9 വരെ ഇവിടങ്ങളിൽ യെലോ അലർട്ട് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില ശരാശരിമൈനസ് 7.5 ലേക്ക് താഴ്ന്നിരുന്നു. സ്കോട്‌ലൻഡിൽ ഇത് മൈനസ് 12 വരെ രേഖപ്പെടുത്തി.
© Copyright 2024. All Rights Reserved