അണക്കെട്ട് സാക്ഷാത്ക്കരിച്ചതോടെ ഇതുവരെ പാക്കിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം ജമ്മു കശ്‌മീരിലെ കഠ, സാംബ എന്നീ ജില്ലകളിലെ ജലസേചനത്തിനായി ഉപയോഗിക്കും. അണക്കെട്ടിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതിയുടെ 20 ശതമാനവും ജമ്മു കശ്‌മീരിന് ലഭിക്കും. ജമ്മു കശ്മീരിനെ കൂടാതെ പഞ്ചാബിലെയും രാജസ്‌ഥാനിലെയും ജലസേചനത്തിനായി രാവിയിലെ ജലം ഉപയോഗിക്കാനാവും.
1979-ലാണ് പഞ്ചാബും ജമ്മു കശ്മീരും രഞ്ജിത് സാഗർ ഡാം പണിയുന്നതിനുള്ള കരാറിൽ ഒപ്പുവയ്ക്കുന്നത്. രാവി നദിയിൽ ഷാഹ്പൂർ കാണ്ടി അണക്കെട്ടും വിഭാവനം ചെയ്തിരുന്നു. 1982-ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പദ്ധതിക്ക് തറക്കല്ലിട്ടു. 98-ൽ പണിപൂർത്തിയാക്കാമെന്നായിരുന്നു കരുതിയത്. എന്നാൽ 2001- ലാണ് രഞ്ജിത് സാഗർ അണക്കെട്ടിൻ്റെ പണി പൂർത്തിയാകുന്നത്. ഷാഹ്പൂർ കാണ്ടിയുടെ പണി പൂർത്തിയായതുമില്ല.
2008-ൽ അണക്കെട്ട് ദേശീയ പദ്ധതിയായി പ്രഖ്യാപിച്ചുവെങ്കിലും പണി തുടങ്ങാൻ 2013 വരെ കാത്തിരിക്കേണ്ടി വന്നു. 2014-ൽ പഞ്ചാബും ജമ്മു കശ്‌മീരും തമ്മിൽ വീണ്ടും തർക്കമുണ്ടായതോടെ പദ്ധതി പിന്നെയും വൈകി. ഇതോടെ കേന്ദ്രം ഇടപെട്ട് പ്രശ്നം പരിഹരിച്ച് അണക്കെട്ട് നിർമാണം പുനരാരംഭിക്കുകയായിരുന്നു.
1960ലെ സിന്ധു നദീജല കരാർ പ്രകാരം രാവിയിലെ ജലത്തിന് മേൽ ഇന്ത്യക്കായിരുന്നു പൂർണ അവകാശം. എന്നാൽ നദിയിൽ നിന്ന് നല്ലൊരു ഭാഗം ജലം പാക്കിസ്ഥാനിലേക്ക് ഒഴുകിയിരുന്നു. സിന്ധു നദീജല കരാർ പ്രകാരം, രവി, സത്ലജ് എന്നീ നദികളിലെ ജലത്തിന്റെ പൂർണ അവകാശം ഇന്ത്യക്കാണ്. അതുപോലെ സിന്ധു, ഝലം, ചെനാബ് എന്നീ നദികളിലെ ജലത്തിന്മേൽ പാക്കിസ്‌ഥാനും. 55.5 മീറ്റർ ഉയരമുള്ള ഷാഹ്പൂർ കാണ്ടി അണക്കെട്ട് മൾട്ടി പർപ്പസ് റിവർ വാലി പദ്ധതിയുടെ ഭാഗമാണ്. 206 മെഗാവാട്ട് ശേഷിയുള്ള രണ്ട് ജലവൈദ്യുത പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. രഞ്ജിത് സാഗർ അണക്കെട്ട് പദ്ധതിയുടെ 11 കിലോമീറ്റർ താഴെയുള്ള രാവി നദിയിലാണ് അണക്കെട്ട് നിർമിച്ചിരിക്കുന്നത്.
© Copyright 2024. All Rights Reserved