ഏകദിന ലോകകപ്പിൽ വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തി ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ന്യൂസിലൻഡിനെതിരെ ഏഴ് വിക്കറ്റ് നേടിയതോടെയാണ് ഷമി വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതായത്. ആറ് മത്സരങ്ങൾ മാത്രം കളിച്ച ഷമി 23 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. ഓസീസ് സ്പിന്നർ ആഡം സാംപ 22 വിക്കറ്റ്ഓടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദിൽഷൻ മധുഷങ്ക 21, ഷഹീൻ അഫ്രീദി 18, ജെറാൾഡ് കോട്‌സീ 18, ഇന്ത്യൻ പേസർ ജസ്പ്രിത് ബുമ്ര 18 എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.
ഇന്നിംഗ്‌സ് അടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് വീഴ്ത്തുന്ന ബൗളർ കൂടിയായി ഷമി. നാല് വിക്കറ്റ് നേടിയപ്പോൾ തന്നെ താരത്തെ തേടി നേട്ടമെത്തിത്. ഇപ്പോൾ 53 വിക്കറ്റുണ്ട് ഷമിക്ക്. കേവലം 17 ഇന്നിംഗ്‌സിൽ നിന്നാണ് ഷമി ഇത്രയും വിക്കറ്റെടുത്തത്. മറികടന്നത് ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെ. 19 ഇന്നിംഗ്‌സിൽ നിന്നായിരുന്നു സ്റ്റാർക്കിന്റെ നേട്ടം. മുൻ ശ്രീലങ്കൻ താരം ലസിത് മലിംഗ , ന്യൂസിലൻഡ് താരം ട്രന്റ് ബോൾട്ട് എന്നിവരാണ് മറ്റുതാരങ്ങൾ.
മാത്രമല്ല, ലോകകപ്പിൽ 50 വിക്കറ്റ് പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ഷമി. മുൻ ഓസീസ് പേസർ ഗ്ലെൻ മഗ്രാത് (71), മുത്തയ്യ മുരളീധരൻ (68), മിച്ചൽ സ്റ്റാർക്ക് (59), ലസിത് മലിംഗ (56), വസിം അക്രം (55), ട്രന്റ് ബോൾട്ട് (53) എന്നിവരാണ് 50ൽ കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കിയ മറ്റുതാരങ്ങൾ. ഇന്ന് ഇന്ത്യ ആദ്യ വീഴ്ത്തിയ നാല് വിക്കറ്റുകളും ഷമിക്കായിരുന്നു. ഡെവോൺ കോൺവെ (13), രചിൻ രവീന്ദ്ര (13), കെയ്ൻ വില്യംസൺ (69), ടോം ലാഥം (0) എന്നിവരാണ് ഷമി മടക്കിയത്. പിന്നീട് ഡാരിൽ മിച്ചൽ (134), ടിം സൗത്തി (9), ലോക്കി ഫെർഗൂസൺ (6) എന്നിവരേയും ഷമി മടക്കി.
9.5 ഓവറിൽ 57 റൺസ് മാത്രം വിട്ടുകൊടുത്താണ് ഷമി ഏഴ് പേരെ പുറത്താക്കിയത്. ഈ ലോകകപ്പിൽ ഷമിയുടെ മൂന്നാം അഞ്ച് വിക്കറ്റ് പ്രകടനമാണിത്. ഒരു തവണ നാല് വിക്കറ്റും ഷമി വീഴ്ത്തി. നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ മാത്രമാണ് ഷമി വിക്കറ്റ് വീഴ്ത്താതിരുന്നത്. അതേസമയം വ്യക്തിഗത പ്രകടനങ്ങൾ കൊണ്ട് കൂടി മികച്ച കളിയായിരുന്നു വാങ്കഡെയിലേതെന്ന് കുറിച്ച പ്രധാനമന്ത്രി ഇന്ത്യൻ വിജയത്തിന്റെ നെടുംതൂണായി മാറിയ മുഹമ്മദ് ഷമിയെ പേരെടുത്ത് പ്രശംസിച്ചു. കിവീസിനെതിരെയും ഈ ലോകകപ്പിലും ഷമി കാഴ്ചവച്ച പ്രകടനം ക്രിക്കറ്റ് പ്രേമികൾ തലമുറകളോളം ഓർത്തുവയ്ക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
© Copyright 2023. All Rights Reserved