ഇസ്രയേൽ-ഹമാസ് സംഘർഷത്തിനിടെ ഹമാസ് നഗ്നയാക്കി ട്രക്കിൽ കയറ്റികൊണ്ട് പോയ ജർമൻ യുവതി ഷാനി ലൂക്ക് ജീവനോടെയുണ്ടെന്ന വിവരം ലഭിച്ചതായി കുടുംബം. ഗാസയിലെ ഒരു ആശുപത്രിയിൽ മകൾ ജീവനോടെയുണ്ടെന്നും തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണെന്നും വിവരം ലഭിച്ചതായി അമ്മ റിക്കാർഡ് ലൂക്ക് പറഞ്ഞു. ഷാനിയെ സുരക്ഷിതയായി നാട്ടിലെത്തിക്കാൻ ജർമൻ സർക്കാർ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. ഷാനി മരിച്ചിട്ടില്ല, ജീവനോടെയുണ്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഗാസയിലെ ഒരു കുടുംബ സുഹൃത്ത് വഴി അറിഞ്ഞു. ഓരോ നിമിഷവും നിർണായകമാണ്'. അധികാര പരിധിയെ കുറിച്ച് പറഞ്ഞ് തർക്കിക്കേണ്ട സമയമല്ലെന്നും ഷാനിയെ സുരക്ഷിതമായി നാട്ടിൽ എത്തിക്കാൻ ജർമൻ സർക്കാർ ഇടപെടണമെന്നും വിഡിയോയിൽ റിക്കാർഡ് ലൂക്ക് ആവശ്യപ്പെട്ടു. ശനിയാഴ്ച ഗാസ മുനമ്പിന് സമീപം നടന്ന ട്രൈബ് ഓഫ് സൂപ്പർനോവ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു 24കാരിയായ ഷാനി. ഇസ്രയേലിൽ ഹമാസ് നുഴഞ്ഞു കയറ്റക്കാർ തട്ടിക്കൊണ്ട് പോയ ഷാനിയെ നഗ്നയാക്കി ട്രക്കിൽ കയറ്റിക്കൊണ്ട് പോകുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. അതേസമയം ഇസ്രയേൽ- ഹമാസ് യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഹമാസിനെതിരെ കര യുദ്ധത്തിന് തയ്യാറെടുക്കുകയാണ് ഇസ്രയേൽ. ലക്ഷക്കണക്കിന് ഇസ്രയേൽ സൈനികരാണ് ഗാസ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നത്. ഹമാസ് നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് കര മാർഗമുള്ള യുദ്ധത്തിലേക്ക് ഇസ്രയേൽ കടക്കുന്നത്. ഏതു നിമിഷവും കരയുദ്ധം ആരംഭിക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കി.
© Copyright 2023. All Rights Reserved