സംഘർഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് തടഞ്ഞു. ഗാസിപുർ അതിർത്തിയിൽ ബാരിക്കേഡ് വെച്ചും പൊലീസ് ബസ് കുറുകെയിട്ടും തടയുകയായിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറ്റു നേതാക്കളും സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം യുപി അതിർത്തിൽ പൊലീസ് തടഞ്ഞതോടെ മുന്നോട്ട് പോകാനായില്ല. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ വാഹനത്തിൽ തുടരുകയാണ്.
-------------------aud--------------------------------
രാവിലെ ഒമ്പതരയോടെയാണ് ദില്ലിയിൽ നിന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംഭലിലേക്ക് പുറപ്പെട്ടത്. രാവിലെ 11ഓടെ അതിർത്തിയിൽ എത്തിയെങ്കിലും പൊലീസ് തടഞ്ഞു. പൊലീസിൻറെ നിയന്ത്രണത്തെ തുടർന്ന് ദില്ലി മീററ്റ് എക്സ്പ്രസ് വേയിൽ വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്. ഓരോ വാഹനങ്ങളും പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിടുന്നത്.
രാഹുലിന് പിന്തുണയുമായി നിരവധി കോൺഗ്രസ് പ്രവർത്തകരാണ് സ്ഥലത്ത് എത്തിച്ചേർന്നിട്ടുള്ളത്. യുപി പൊലീസ് ആരെയും അനുമതി കൂടാതെ സംഘർഷമുണ്ടായ മേഖലയിലേക്ക് കടത്തി വിടില്ലെന്ന നിലപാടിലാണ്. നേരത്തെ സംഭലിലേക്ക് പോയ മുസ്ലിം ലീഗ്, സമാജ്‌വാദി പാർട്ടി, യുപി കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞു തിരിച്ചയച്ചിരുന്നു.
കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ രാഹുലിനൊപ്പമുണ്ട്. യാത്ര പുറപ്പെടുന്നതിന് മുമ്പായി രാവിലെ സോണിയ ഗാന്ധിയുടെ വസതിയിൽ രാഹുൽ ഗാന്ധി എത്തിയിരുന്നു. സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ രാഹുലിന് പിന്തുണ അറിയിച്ചത്.
© Copyright 2024. All Rights Reserved