സംസ്‌ഥാനത്തെ പാതയോരങ്ങളിൽ അനധികൃതമായി സ്‌ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ ഓരോന്നിനും 5000 രൂപ പിഴ ചുമത്താനും ഇതു സ്‌ഥാപിച്ചവർക്കെതിരെ പ്രോസിക്യൂഷൻ നടപടി ആരംഭിക്കാനും സർക്കാർ നിർദേശം നൽകി. ഇതു സംബന്ധിച്ച വിധി നടപ്പാക്കാത്തതിന് സർക്കാരിനെയും തദ്ദേശ സ്ഥാപനങ്ങളെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ച സാഹചര്യത്തിലാണ് തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ്റെ സർക്കുലർ. പൊതുസ്‌ഥലങ്ങളിൽ പരസ്യം സ്ഥാപിക്കുന്നതു സംബന്ധിച്ച മുനിസിപ്പാലിറ്റി നിയമത്തിലെ (1999) വ്യവസ്ഥപ്രകാരമാണ് പിഴ. ഇതിനു പുറമേ, തദ്ദേശ സ്ഥാപന അധികൃതർ ആവശ്യപ്പെടുന്നതനുസരിച്ച് പൊലീസ് കേസ് റജിസ്റ്റർ ചെയ്യും. ഗതാഗത തടസ്സം സൃഷ്‌ടിക്കുക, പൊതുജനശല്യം, പൊതുസ്‌ഥലത്ത് ജനങ്ങൾക്ക് അപകടം വരുത്തുന്ന നടപടികൾ തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരിക്കും കേസ്.
ഹൈക്കോടതി നിർദേശാനുസരണം രൂപീകരിച്ച കമ്മിറ്റികളാണ് നടപടി സ്വീകരിക്കേണ്ടത്. ഇതിനായി തദ്ദേശ സ്‌ഥാപന തലത്തിൽ പ്രാദേശിക സമിതിയും ജില്ലാ തലത്തിൽ നിരീക്ഷണ സമിതിയും കഴിഞ്ഞ വർഷം ഡിസംബറിൽ രൂപീകരിച്ചു. ഇവ പരാജയമാണെന്നു കോടതി ഈ വർഷം ജനുവരിയിൽ വിലയിരുത്തി. തുടർന്ന്, കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് കുടി പരിഗണിച്ച ശേഷം ഉടനടി പിഴ ഈടാക്കി പ്രോസിക്യൂഷൻ നടപടികളിലേക്കു കടക്കാൻ കഴിഞ്ഞ മാസം നിർദേശിച്ചതോടെയാണ് ഇപ്പോഴത്തെ ഉത്തരവ്.
© Copyright 2024. All Rights Reserved