69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിൽ അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് ഏറ്റുവാങ്ങുമ്പോൾ ഇന്ദ്രൻസിനും 'ഹോം' ടീമിനും അത് മധുര പ്രതികാരത്തിന്റെ നിമിഷം കൂടിയായി. മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്ത ഹോമിന് വേണ്ടി നിർമാതാവ് വിജയ് ബാബുവും സംവിധായകൻ റോജിൻ തോമസുമാണ് പുരസ്കാരം സ്വീകരിച്ചത്.
നേരത്തേ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽനിന്ന് 'ഹോം' സിനിമയെ ഒഴിവാക്കിയതിൽ എതിർപ്പു പ്രകടിപ്പിച്ച് ഇന്ദ്രൻസ് രംഗത്തുവന്നത് വലിയ വാർത്തയായിരുന്നു.മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം മേപ്പടിയാൻ എന്ന ചിത്രത്തിന് സംവിധായകൻ വിഷ്ണു മോഹൻ ഏറ്റുവാങ്ങി. നിർമാതാക്കളായ ഉണ്ണി മുകുന്ദൻ ഫിലിംസിനു വേണ്ടി വേണ്ടി ഉണ്ണി മുകുന്ദന്റെ അച്ഛൻ മുകുന്ദൻ മഠത്തിപ്പറമ്പിൽ പുരസ്കാരം ഏറ്റുവാങ്ങി. 'നായാട്ടി'ന്റെ തിരക്കഥാകൃത്ത് ഷാഹി കബീറിന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം ലഭിച്ചു. കൃഷാന്ത് സംവിധാനം ചെയ്ത 'ആവാസവ്യൂഹമാണ് മികച്ച പരിസ്ഥിതി ചിത്രം. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരം ആർ.ആർ ആദർശ് സംവിധാനം ചെയ്ത 'മൂന്നാം വളവിന് സമ്മാനിച്ചു. മികച്ച ഓഡിയോഗ്രാഫിക്കുള്ള പുരസ്കാരം ചവിട്ട് എന്ന സിനിമയ്ക്ക് വേണ്ടി സോനു കെ.പി. ഏറ്റുവാങ്ങി. മികച്ച അനിമേഷൻ ചിത്രത്തിനുള്ള പുരസ്കാരം 'കണ്ടിട്ടുണ്ടോ' എന്ന ചിത്രത്തിന്റെ സംവിധായിക അദിതി കൃഷ്ണദാസ് സ്വീകരിച്ചു.
© Copyright 2024. All Rights Reserved