മെറ്റ സിഇഒ മാർക് സക്കർബർഗ് മാപ്പ് പറയണമെന്ന് പാർലമെന്റ് സമിതി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാമർശത്തിനെതിരെയാണ് പാർലമെന്റ് സമിതി മെറ്റ പ്രതിനിധികൾക്ക് സമൻസ് അയക്കാനൊരുങ്ങുന്നത്.
-------------------aud----------------------------
തെറ്റായ വിവരം നൽകിയതിന് മെറ്റയെ കമ്മിറ്റി വിളിച്ച് വരുത്തുമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണും ബിജെപി എംപിയുമായ നിഷികാന്ത് ദുബേ സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു.
'ഏതൊരു ജനാധിപത്യ രാജ്യത്തും തെറ്റായ വിവരങ്ങൾ നൽകുന്നത് ആ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നു. ഈ തെറ്റിന് ഇന്ത്യൻ പാർലമെന്റിനോടും ജനങ്ങളോടും മാപ്പ്പറയേണ്ടി വരും', അദ്ദേഹം എക്‌സിൽ കുറിച്ചു. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവും സക്കർബർഗിനെ വിമർശിച്ച് രംഗത്തെത്തി. 'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ 64 കോടി വോട്ടർമാരിലാണ് 2024ലെ തിരഞ്ഞെടുപ്പ് ഇന്ത്യ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിലുള്ള എൻഡിഎയിൽ ജനങ്ങൾ വീണ്ടും വിശ്വാസം അർപ്പിച്ചു. കോവിഡിന് ശേഷമുള്ള 2024ലെ തിരഞ്ഞെടുപ്പിൽ ഇന്ത്യയടക്കമുള്ള പല സർക്കാരുകളും തോറ്റുവെന്ന സുക്കർബർഗിന്റെ പ്രസ്താവന വസ്തുതാപരമായി തെറ്റാണ്', അദ്ദേഹം കുറിച്ചു. ജോ റോഗൺ എക്‌സ്പീരിയൻസ് എന്ന പോഡ്കാസ്റ്റിലാണ് സക്കർബർഗ് തിരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിച്ചത്. കോവിഡിനോടുള്ള സമീപനം പല സർക്കാരുകളുടെയും വിശ്വാസത്തെ ബാധിച്ചിട്ടുണ്ടെന്നും തോൽവിക്ക് കാരണമായിട്ടുണ്ടെന്നുമായിരുന്നു സക്കർബർഗിന്റെ പരാമർശം. ഇതിനിടയിലായിരുന്നു ഉദാഹരണമെന്ന നിലയിൽ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ കുറിച്ച് സുക്കർബർഗ് പരാമർശിച്ചത്.
© Copyright 2024. All Rights Reserved