ഗാസയിൽ ഹമാസ് തടവിൽ പാർപ്പിച്ചിരിക്കുന്ന ബന്ദികളെ 2025 ജനുവരി 20ന് മുമ്പ് വിട്ടയക്കണമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് മുഴുവൻ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ കനത്ത പ്രഹരം ഏൽക്കേണ്ടി വരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
-------------------aud-------------------------------
ഇസ്രയേൽ-അമേരിക്കൻ പൗരന്മാരുൾപ്പെടെ 250ലധികം പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്. ഇതിൽ പകുതിയോളം പേർ ജീവിച്ചിരിപ്പുണ്ടെന്നുമാണ് ഇസ്രയേൽ പറയുന്നത്. '2025 ജനുവരി 20നകം ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ പശ്ചിമേഷ്യയിൽ നാശമുണ്ടാക്കും. മാനവികതയ്‌ക്കെതിരെ ഇത്തരം ക്രൂരതകൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇതിന് ഉത്തരവാദികളായവർ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷ അനുഭവിക്കേണ്ടി വരും. സമയബന്ധിതമായി നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, ഇതുവരെ കണ്ടിട്ടില്ലാത്ത ശിക്ഷ അമേരിക്ക നൽകു'മെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
യുദ്ധം അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഗാസയിൽ നിന്ന് ഇസ്രയേൽ പൂർണമായും പിൻവാങ്ങണമെന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്. എന്നാൽ, ഹമാസിനെ പൂർണമായും ഉന്മൂലനം ചെയ്യുന്നതുവരെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കി.
ഹമാസ് ബന്ദികളാക്കിയവരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നെതന്യാഹുവിനെതിരെ ഇസ്രയേലിൽ പ്രതിഷേധം ശക്തമാണ്. തിങ്കളാഴ്ച ഗാസയിൽ 33 ബന്ദികൾ മരിച്ചതായി ഹമാസ് അറിയിച്ചിരുന്നു. എന്നാൽ മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് ഹമാസ് വെളിപ്പെടുത്തിയിട്ടില്ല.
© Copyright 2024. All Rights Reserved