ഇറാഖ് മുൻ പ്രസിഡൻറ് സദാം ഹുസൈൻറെ പ്രശസ്തമായ ഗോൾഡൻ എകെ-47 ഇതാദ്യമായി പൊതുജനങ്ങൾക്കായി പ്രദർശനത്തിന് വച്ചു. ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക്ഷെയറിലെ ലീഡ്സിലുള്ള റോയൽ ആർമറീസ് മ്യൂസിയത്തിൽ ഡിസംബർ 16 മുതൽ 2024 മെയ് 31 വരെ നടക്കുന്ന റീ-ലോഡഡ് എക്സിബിഷനിലാണ് ഈ തോക്ക് പ്രദർശിപ്പിക്കുന്നത്. 2003-ൽ ഹീത്രൂ വിമാനത്താവളത്തിൽ നിന്നാണ് സ്വർണതോക്കും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ലോഞ്ചറും ആറ് ബയണറ്റുകളും ഒരു സ്നൈപ്പർ റൈഫിളും യുകെ കസ്റ്റംസ് ആൻഡ് എക്‌സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
2003 ഇറാഖ് അധിനിവേശ സമയത്ത് രാജകൊട്ടാരങ്ങളിൽ നിന്ന് നിരവധി സ്വർണ തോക്കുകൾ കണ്ടെത്തിയതായി മ്യൂസിയം വെളിപ്പെടുത്തിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. തന്റെ സ്വാധീനം പ്രകടിപ്പിക്കാൻ സദ്ദാം ഹുസൈൻ ഇത്തരം സ്വർണ്ണതോക്കുകൾ സമ്മാനമായി നൽകുന്നത് പതിവായിരുന്നത്രേ.
അറബ് രാജ്യങ്ങളിൽ 'വാസ്ത' എന്നാണ് ഈ തോക്കുകൾ അറിയപ്പെടുന്നത്. ഇത്തരത്തിൽ സമ്മാനങ്ങൾ നൽകിയിരുന്നത് പ്രധാനമായും രാജാക്കന്മാർ, രാഷ്ട്രത്തലവന്മാർ, ഉന്നത ജനറലുകൾ, നയതന്ത്രജ്ഞർ, ലോകത്തിലെ ഏറ്റവും സമ്പന്നരായ ചില വ്യക്തികൾ എന്നിവർക്കായിരുന്നു. പ്രദർശനത്തിൽ വജ്രം പതിച്ച സ്മിത്ത് വെസൺ റിവോൾവറും ഉൾപ്പെടുന്നു.
കാഴ്ചയിൽ ശ്രദ്ധേയമായ അപൂർവ ആയുധങ്ങൾ എന്നാണ് മ്യൂസിയം ഡയറക്ടർ നാറ്റ് എഡ്വേർഡ് ഈ വസ്തുക്കളെ വിശേഷിപ്പിച്ചത്. ഇതാദ്യമായാണ് സദാം സുഹൈന്റെ പേരിലുള്ള ഒരു ആയുധ പൊതുപ്രദർശനം നടത്തുന്നത്. പ്രദർശനത്തിൽ സദാം ഹുസൈന്റെ തോക്കിന് പുറമേ സുരക്ഷാ സേനയിൽ നിന്നുള്ള ആയുധങ്ങളും ഡീകമ്മീഷൻ ചെയ്ത രണ്ട് എകെ-47 റൈഫിളുകളും ഉൾപ്പെടെയുള്ള മറ്റ് ആയുധങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത് ആക്രമണങ്ങളെയോ ആയുധങ്ങളെയോ മഹത്വവൽക്കരിക്കാൻ അല്ലെന്ന് ആർമറികളുടെ ഡയറക്ടർ ജനറലും മാസ്റ്ററുമായ നാറ്റ് എഡ്വേർഡ്‌സ് പറഞ്ഞു. തോക്കിനെ മഹത്വവത്കരിക്കാനല്ല, മറിച്ച് അവയുടെ സാംസ്‌കാരിക പ്രാധാന്യവും അവയുടെ ശക്തിയും ഉയർത്തിക്കാട്ടാനാണ് പ്രദർശനമെന്നും അദ്ദേഹം വ്യക്തമാക്കി.
2006 ഡിസംബർ 30ന് പുലർച്ചെ ബലി പെരുന്നാളിന് തലേ ദിവസമായിരുന്നു അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഇറാഖിലെ ഇടക്കാല സർക്കാർ സദ്ദാം ഹുസൈനെ തൂക്കിലേറ്റിയത്. അമേരിക്കയുടെയും ഇടക്കാല സർക്കാറിന്റെയും തീരുമാനത്തിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇറാഖിലെ അമേരിക്കൻ അധിനിവേശത്തെ തുടർന്ന് ഒളിവിൽ പോയ സദ്ദാമിനെ 2003 ഡിസംബർ 13ന് ഒളിത്താവളത്തിൽ വെച്ചാണ് അമേരിക്കൻ സേന പിടികൂടിയത്. 1982 ൽ ശിയാ മേഖലയിൽ കൂട്ടക്കൊലക്ക് ഉത്തരവിട്ടു എന്നതായിരുന്നു സദ്ദാമിനെതിരായ കുറ്റം.
© Copyright 2023. All Rights Reserved