ലോകകപ്പിന് മുൻപുള്ള സന്നാഹമത്സരങ്ങളിൽ ഒന്നിലും തന്നെ കളിക്കാനാകാതെ ഇന്ത്യ. നെതർലൻഡ്‌സിനെതിരെ തിരുവനന്തപുരത്ത് നടക്കാനിരുന്ന മത്സരവും മഴ കാരണം ഒഴിവായതോടെ ഇന്ത്യയുടെ 2 സന്നാഹമത്സരങ്ങളും ഇത്തവണ മഴയിൽ മുങ്ങി. കഴിഞ്ഞ ശനിയാഴ്ച ഗുവാഹട്ടിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇന്ത്യയുടെ സന്നാഹമത്സരം. മോശം കാലാവസ്ഥയെ തുടർന്ന് ഈ മത്സരം നേരത്തെ ഉപേക്ഷിച്ചിരുന്നു. ലോകകപ്പിന് പോലൊരു പ്രധാന ടൂർണമെന്റിന് മുൻപ് ഒരു പന്ത് പോലും എറിയാൻ സാധിക്കാതിരുന്ന സന്നാഹമത്സരങ്ങൾക്കായി 3,400 കിമീ ദൂരമാണ് ഇന്ത്യയാത്ര ചെയ്തത്. ഗുവാഹട്ടിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ദൂരം റോഡ് മാർഗം 3,400 കിലോമീറ്ററും വ്യോമമാർഗം 2,500 കിലോമീറ്ററുമാണ്. അതേസമയം മഴ ഇപ്പോഴും വിട്ടുമാറാത്ത സാഹചര്യത്തിൽ ലോകകപ്പിൽ മഴ വില്ലനാകുമോ എന്ന ആശങ്കയാണ് ക്രിക്കറ്റ് ആരാധകർക്കും സംഘാടകർക്കുമുള്ളത്. ഒക്ടോബർ എട്ടിന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യമത്സരം.
© Copyright 2023. All Rights Reserved