ഷാരൂഖ് ചിത്രം ഡങ്കിയുടെ റിലീസ് തീയതി സ്ഥിരീകരിച്ചു. പഠാൻ, ജവാൻ എന്നീ രണ്ട് ബ്ലോക്ക്ബസ്റ്ററുകൾ നേടിയ ശേഷം ഷാരൂഖ് ഖാൻറെ ഏറെ പ്രതീക്ഷയോടെ ഈ വർഷാവസാനം കാത്തിരിക്കുന്ന ചിത്രമായ ഡങ്കി നേരത്തെ ഡിസംബർ ക്രിസ്മസ് പുതുവത്സരത്തോട് അനുബന്ധിച്ച് റിലീസ് ചെയ്യും എന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ റിലീസ് ഡേറ്റ് ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. അതിനിടെ സലാർ പോലുള്ള ചിത്രം വരുന്നതിനാൽ ഡങ്കി മാറ്റിവയ്ക്കാൻ സാധ്യതയുള്ളതായി ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഷാരൂഖ് ആരാധകരെ സന്തോഷിപ്പിച്ചാണ് ഡങ്കി റിലീസ് തീയതി സ്ഥിരീകരിച്ചിരിക്കുന്നത്.
ഡങ്കിയുടെ ആദ്യ ഗാനം ഇന്ന് പുറത്തിറങ്ങാനിരിക്കുകയാണ്. അതിന് അനുബന്ധിച്ച് ഇറക്കിയ പോസ്റ്ററിലാണ് റിലീസ് തീയതി സംബന്ധിച്ച എല്ലാ സംശയങ്ങളും തീർത്തത്. സിനിമയുടെ ആദ്യ ഗാനമായ 'ലുട്ട് പുട്ട് ഗയാ' ബുധനാഴ്ച എത്തുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഇതിൻറെ പോസ്റ്ററിൽ, ഡിസംബർ 21 റിലീസ് തീയതി എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്.
അതേ സമയം പ്രഭാസ് ചിത്രം സലാർ ചാപ്റ്റർ 1 മായി നേരിട്ട് ക്ലാഷിന് ഡങ്കിയില്ലെന്ന് ഇതോടെ വ്യക്തമായി സലാറിന് ഒരു ദിവസം മുൻപാണ് ഡങ്കി തീയറ്ററുകളിൽ എത്തുന്നത്.
മുന്നാഭായി എംബിബിഎസും 3 ഇഡിയറ്റ്സും പികെയും അടക്കമുള്ള കൾട്ട് ചിത്രങ്ങൾ ഒരുക്കിയ രാജ്‍കുമാർ ഹിറാനിയാണ് ഡങ്കിയുടെയും സംവിധായകൻ. കുടിയേറ്റം കഥാപശ്ചാത്തലമാക്കുന്ന, ഇമിഗ്രേഷൻ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഡങ്കി എന്നാണ് കരുതപ്പെടുന്നത്. അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട മറ്റൊരു പ്രയോഗത്തിൽ നിന്നാണ് രാജ്‍കുമാർ ഹിറാനി സിനിമയുടെ പേര് രൂപപ്പെടുത്തിയിരിക്കുന്നത്.
ഡോങ്കി ഫ്ലൈറ്റ് എന്ന് കുപ്രസിദ്ധിയാർജിച്ച ഒരു അനധികൃത കുടിയേറ്റ രീതിയുണ്ട്. വിസ നിയമങ്ങൾ ശക്തമായ യുഎസ്, കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന, എന്നാൽ നിയമം അനുശാസിക്കുന്ന തരത്തിൽ അതിന് സാധിക്കാത്തവരിൽ ഒരു വിഭാഗം പരീക്ഷിക്കുന്ന, വലിയ റിസ്ക് ഉള്ള മാർഗമാണ് ഡോങ്കി ഫ്ലൈറ്റ്. ഇതിൽ നിന്നാണ് ഡങ്കി വന്നത്.
© Copyright 2024. All Rights Reserved