ബ്രിട്ടന്റെ സാമ്പത്തിക നയങ്ങളിൽ കടമെടുപ്പിന്റെ നിർവചനം തിരുത്തി ലേബർ ഗവൺമെന്റ് മോർട്ട്‌ഗേജ് എടുത്ത കുടുംബങ്ങളെ ശിക്ഷിക്കുമെന്ന് മുൻ ചാൻസലർ ജെറമി ഹണ്ടിന്റെ മുന്നറിയിപ്പ്. കടത്തിന്റെ വ്യാഖ്യാനം തിരുത്തുന്നത് പലിശ നിരക്കുകൾ കൂടുതൽ കാലം ഉയർന്ന നിലയിൽ തുടരാനാണ് ഉപകരിക്കുകയെന്ന് ഷാഡോ ചാൻസലറായ ഹണ്ട് ചൂണ്ടിക്കാണിച്ചു.
-------------------aud--------------------------------
'കടമെടുപ്പ് വർദ്ധിക്കുന്നത് പലിശ നിരക്കുകൾ ഉയർത്തുമെന്നാണ് എനിക്ക് ട്രഷറി ഉദ്യോഗസ്ഥരിൽ നിന്നും പതിവായി ലഭിച്ച ഉപദേശം. ഇത് മോർട്ട്‌ഗേജ് എടുത്തിട്ടുള്ള കുടുംബങ്ങളെ ശിക്ഷിക്കുന്നതാണ്. ഈ സുപ്രധാന മാറ്റം പാർലമെന്റിന് മുന്നിൽ പ്രഖ്യാപിക്കാൻ പോലും ചാൻസലർ തയ്യാറായിട്ടില്ലെന്നത് സവിശേഷതയാണ്. പക്ഷെ വിപണികൾ ഇത് ശ്രദ്ധിക്കുന്നുണ്ട്', ജെറമി ഹണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചു. അതേസമയം സാമ്പത്തിക നയങ്ങളിൽ കടത്തിന്റെ നിർവചനം തിരുത്തുന്നതായി ചാൻസലർ റേച്ചൽ റീവ്‌സ് ഇപ്പോൾ സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ അടുത്ത ആഴ്ചയിലെ ബജറ്റിൽ കോമൺസിന് മുൻപാകെ അവതരിപ്പിക്കുമെന്നാണ് റീവ്‌സ് വ്യക്തമാക്കുന്നത്.
തിരിച്ചുകിട്ടുന്ന നിക്ഷേപങ്ങൾ നടത്താനുള്ള വലിയ അവസരവും, വളർച്ച നേടാനും, യുകെയിൽ ഭാവിയിൽ ആവശ്യമായ ജോലികളും മുൻനിർത്തിയാണ് ഇത് ചെയ്യുന്നതെന്ന് ചാൻസലർ പറയുന്നു. നിലവിലെ സാമ്പത്തിക നയങ്ങൾ പ്രകാരം ഇത് നടപ്പാക്കാൻ കഴിയാത്തതിനാലാണ് മാറ്റമെന്നാണ് ഇവരുടെ നിലപാട്.
© Copyright 2024. All Rights Reserved