സിക്കിമിൽ മിന്നൽപ്രളയത്തെത്തുടർന്നുണ്ടായ കെടുതികളിൽപെട്ട് മരണമടഞ്ഞവരുടെ സംഖ്യ 40 ആയി ഉയർന്നു. ഡസൻകണക്കിനാളുകളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്. ആയിരങ്ങളെ ഇതിനകം രക്ഷപ്പെടുത്തിക്കഴിഞ്ഞു. 23 സൈനികരും കാണാതായവരിൽ പെടുന്നു. ചില റിപ്പോർട്ടുകളിൽ കാണാതായവരുടെ എണ്ണം 143 എന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നു.
26 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രളയമേഖലയിൽ പ്രവർത്തിക്കുന്നത്. ഒരു ഹിമ തടാകം പൊട്ടിയൊഴുകിയതാണ് ഈ പ്രളയത്തിന് കാരണമെന്നാണ് വിവരം. ഐസ് ഉരുകിയുണ്ടായ ജലം കൊടുംതണുപ്പുള്ളതാണ്. കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കക്കെടുതിയാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. പാലങ്ങളും വീടുകളും വാഹനങ്ങളുമെല്ലാം കുത്തിയൊലിച്ചുപോയി. റോഡുകളെല്ലാം നാശമായതിനെത്തുടർന്ന് ദുരിതബാധിത കേന്ദ്രങ്ങളിലേക്ക് രക്ഷാ പ്രവർത്തനങ്ങളെത്താൻ പ്രയാസം നേരിടുന്നുണ്ട്.ഹെലികോപ്റ്ററുകളിൽ ജനങ്ങളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന് സിക്കിം ചീഫ് സെക്രട്ടറി വിന.യ് ഭൂഷൺ പഥക് അറിയിച്ചു. ആർമിയും എയർഫോഴ്സുമാണ് ഈ രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത്.
© Copyright 2023. All Rights Reserved